Breaking News

ഡോ ഹരിദാസ് വേർക്കോട്ടിന്റെ മൃതദേഹം നാളെ രാവിലെ നീലേശ്വരം ചിറപ്പുറത്തെ വീട്ടിൽ പൊതുദർശനത്തിനു വെക്കും : സംസ്‌കാരവും ചിറപ്പുറത്ത്.

അസുഖബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് വൈകിട്ട് കോഴിക്കോട്ടെ പിവിഎസ് ആശുപത്രിയിൽ അന്തരിച്ച പ്രമുഖ വിഷചികിത്സാ വിദഗ്ധൻ ഡോ ഹരിദാസ് വേർക്കോട്ടിന്റെ (80) മൃതദേഹം നാളെ രാവിലെ നീലേശ്വരത്തേക്ക് കൊണ്ടുവരും.
രാവിലെ 9. 30 ന് ചിറപ്പുറത്തെ വീട്ടിൽ പൊതുദർശനത്തിനു വെക്കും. 1944 നവംബർ 15 ന് പാലക്കാട് ജില്ലയിലെ കോങ്ങാട് പരേതരായ പി എ രാമനുണ്ണി പണിക്കരുടെയും സൗദാമിനിയുടെയും മകനായി ജനിച്ച ഇദ്ദേഹം കോഴിക്കോട്് സാമൂതിരി എച്ച് എസ് എസിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. ആലുവ യു സി കോളേജിലും പഠിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ് പാസായത്. ക്ലിനിക്കൽ നെഫ്രോളജി, അക്യു ചൈനീസ് ചികിത്സാരീതി, മനശാസ്ത്രത്തിലും സൈക്കോ സെക്ഷ്വൽ മെഡിസിനിലും പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നിവയും നേടി. 2011 ൽ ബി ബി സി ഇദ്ദേഹത്തെക്കുറിച്ച് ചെയ്ത ഡോക്യുമെന്ററി ബി ബി സിയിലും പിന്നീട് ആനിമൽ പ്ലാനറ്റ്, ഡിസ്‌കവറി ചാനലിലും സംപ്രേക്ഷണം ചെയ്തു. നിരവധി ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചു. എം ബി ബി എസ് നേടിയ ശേഷം വയനാട് ഫാത്തിമ മിഷൻ ആശുപത്രിയിലാണ് സേവനം തുടങ്ങിയത്. കേരള ആരോഗ്യ വകുപ്പിൽ 1972 മുതൽ 1984 വരെ അസിസ്റ്റന്റ് സർജനായി ജോലി ചെയ്തു. 1984 ൽ സർക്കാർ സർവീസിൽ നിന്ന് രാജിവെച്ച ശേഷമാണ് സ്വന്തം നിലയിൽ പ്രാക്ടീസ് തുടങ്ങിയത്. സൈക്കോളജിക്കൽ കൗൺസിലിങ്ങും ചെയ്തിരുന്നു. ഭാര്യ: പരേതയായ ഗീത കുറുപ്പത്ത്. മക്കൾ: ഡോ.രാധിക മനോജ് (യു കെ), രഞ്ജിത് ഗൗതം. മരുമകൻ: ഡോ. മനോജ് രവീന്ദ്രൻ (കൺസൽട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റ്, യു കെ).

No comments