ഡോ ഹരിദാസ് വേർക്കോട്ട്: പാലക്കാട്ട് നിന്നെത്തി നീലേശ്വരത്തിന്റെ ഹൃദയം കവർന്ന വിഷ ചികിത്സകൻ
ഡോ ഹരിദാസ് വേർക്കോട്ട്: പാലക്കാട്ട് നിന്നെത്തി നീലേശ്വരത്തിന്റെ ഹൃദയം കവർന്ന വിഷ ചികിത്സകൻ
ശ്യാംബാബു വെള്ളിക്കോത്ത്
പാലക്കാട്ട് ജനിച്ച് കോഴിക്കോട്ടും ആലുവയിലുമായി പഠിച്ച് പിന്നീട് നീലേശ്വരത്ത് സ്ഥിരതാമസമാക്കുകയും നീലേശ്വരത്തിന്റെ ഹൃദയം കവരുകയും ചെയ്ത ജനകീയ ഡോക്ടർ ആയിരുന്നു പ്രമുഖ വിഷചികിത്സകനായ ഡോ ഹരിദാസ് വേർക്കോട്ട് (80).പാലക്കാട് കോങ്ങാട് സ്വദേശിയായ ഡോക്ടർ 1971 മുതൽ നീലേശ്വരത്തായിരുന്നു താമസം. അലോപ്പതിയിൽ വിഷ ചികിത്സ എന്നൊരു പ്രത്യേക ശാഖയില്ലെങ്കിലും സ്വപ്രയത്‌നം കൊണ്ടാണ് ഡോ ഹരിദാസ് ഈ മേഖലയിൽ പ്രാവീണ്യം നേടിയത്. വിഷബാധയേറ്റ് ജീവിതം കൈവിട്ട ആയിരങ്ങളെയാണ് ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 40 വർഷത്തിൽ ഏറെ നീലേശ്വരം ചിറപ്പുറത്ത് ഇദ്ദേഹം ക്ലിനിക് നടത്തി. വിഷബാധയേറ്റു വരുന്നവരെ ഇവിടെ തന്നെ ചികിത്സിക്കുകയും ചെയ്തു. ഇദ്ദേഹം ഈ മേഖലയിലേക്കെത്തിയതും യാദൃശ്ചികമായാണ്. 1968 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് കഴിഞ്ഞ് വയനാട് ഫാത്തിമ മിഷൻ മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കാൻ പോകുമ്പോൾ അന്ന് 44 രൂപ വിലയുള്ള നാല് ആംപ്യൂൾ ആന്റിവെനം വെറുതെ കീശയിൽ കരുതിയ കൗതുകത്തിൽ നിന്നാണ് ഇതെല്ലാം തുടങ്ങിയത്. ആദ്യ ചികിത്സയിൽ തന്നെ പാമ്പുകടിയേറ്റെത്തിയ വ്യക്തി ജീവിതത്തിലേക്ക് തിരിച്ചെത്തി. 1971 ൽ കേരള ആരോഗ്യവകുപ്പിൽ അസി. സർജനായി ജോലിയിൽ പ്രവേശിച്ചു. മടിക്കൈ, കരിന്തളം, തൈക്കടപ്പുറം റൂറൽ ഡിസ്‌പെൻസറികളിൽ ജോലി ചെയ്തു. 1984 ൽ സർക്കാർ സർവീസിൽ നിന്ന് രാജിവെച്ച് ചിറപ്പുറത്ത് സ്വലന്തമായി ക്ലിനിക്ക് തുടങ്ങി. ദേശവിദേശങ്ങളിൽ നിന്ന് സന്ദർശകർ ഇദ്ദേഹത്തെ തേടി വരുമായിരുന്നു. അമേരിക്കയിലെ പാമ്പ് വളർത്തൽ വിദഗ്ധനായ റോമിലസ് വിറ്റാർക്കർ ഇദ്ദേഹത്തെ കാണാനെത്തുമായിരുന്നു. ബൈറ്റ് ഓഫ് ല ലിവിങ് ഡെഡ് എന്ന ബി ബി സി ഡോക്യുമെന്ററി ബി ബി സിക്കു പുറമെ ആനിമൽ പ്ലാനറ്റ്, ഡിസ്‌കവറി ചാനലുകളും സംപ്രേക്ഷണം ചെയ്തു. 2005 ൽ ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ മെഡിസിൻ തലവൻ പ്രൊഫ ഡേവിഡ് വാറനും ഡോ ഹരിദാസ് വേർക്കോട്ടിനും ഒരുമിച്ചാണ് മംഗളൂരുവിലെ ഒമേഗാ ആശുപത്രിയിൽ സ്വീകരണം നൽകിയത്. 2015 ൽ മികച്ച ഡോക്ടർക്കുള്ള പി എൻ പണിക്കർ പുരസ്‌കാരം, ചികിത്സാമികവിന് 2022 ൽ നീലേശ്വരം കാവിൽഭവൻ യോഗപ്രകൃതി ചികിത്സാ ട്രസ്റ്റിന്റെ പ്രഥമ യോഗാചാര്യ എം കെ രാമൻ മാസ്റ്റർ പുരസ്‌കാരം എന്നിവ നേടി. കോട്ടക്കൽ ആര്യവൈദ്യശാലയിൽ നടന്ന അന്തർദേശീയ സെമിനാറിൽ വിഷചികിത്സയിൽക്ലാസ് എടുത്തു. വായനയിലും എഴുത്തിലും തൽപരനായിരുന്നു.
No comments