സർക്കാർ ആശുപത്രികളിലെ സെക്യൂരിറ്റിക്കാരും നേഴ്സുമാരും മാന്യമായി പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കാഷ്വാലിറ്റിയിലും മറ്റും നിയോഗിക്കുന്ന സെക്യൂരിറ്റി ജീവനക്കാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ രോഗികളോടും ഒപ്പം വരുന്നവരോടും മാന്യമായും ആർദ്രതയോടെയും പെരുമാറണമെന്ന നിർദ്ദേശം ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രി സൂപ്രണ്ടുമാർക്കും നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കാസറഗോഡ് ഡി.എം.ഒ.ക്ക് നിർദ്ദേശം നൽകി.
രോഗത്തിന്റെയും രോഗിയുടെയും അവസ്ഥ ബോധ്യപ്പെട്ട് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സഹായം ചെയ്യാൻ ജീവനക്കാർ എപ്പോഴും സന്നദ്ധരായിരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രസവവേദനയുമായെത്തിയയുവതിയോടും ഒപ്പമുണ്ടായിരുന്നയാളോടും അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരുടെയും നേഴ്സുമാരുടെയും ഭാഗത്ത് കൃത്യവിലോപം ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ വിലയിരുത്തി. രോഗിയുടെ അവസ്ഥ പരിഗണിക്കാതെ നിസാരമായ സമീപനമാണ് സെക്യൂരിറ്റി ജീവനക്കാരും നേഴ്സുമാരും സ്വീകരിച്ചതെന്നും കമ്മീഷൻ അനുമാനിച്ചു. ഇത്തരം സംഭവങ്ങൾ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകരുതെന്നും കെ. ബൈജുനാഥ് നിർദ്ദേശിച്ചു.
കാസറഗോഡ് ചേറൂർ സ്വദേശി സി.എച്ച്. സിദ്ദീഖ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2022 സെപ്റ്റംബർ 6 നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. ഒ.പി. ടിക്കറ്റ് എടുത്താൽ മാത്രം ആശുപത്രിയിലേക്ക് കടത്തി വിടാമെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. തുടർന്ന് സ്വകാര്യാശുപത്രിയിലെത്തിയാണ് യുവതി പ്രസവിച്ചത്. എന്നാൽ ആരോപണം ഡി.എം.ഒ. നിഷേധിച്ചു.
No comments