ഹൈവേ വികസനം - നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം.---യു ഡി എഫ്
ഹൈവേ വികസനത്തിലെ പുതിയ നിർമ്മാണ പ്രവൃത്തികൾക്ക് അനുസൃതമായി ബലക്ഷയമുള്ള പഴയ പാലം പൊളിച്ച് നീക്കി പുതിയത് ഉയർത്തി നിർമ്മിക്കണമെന്ന് യു ഡി എഫ് നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ പാലം കാലപഴക്കം കൊണ്ട് ബലക്ഷയമുള്ളതാണ് എന്ന് 1997 ൽ തന്നെ നാഷണൽ ഹൈവേ അധികൃതർ കണ്ടെത്തിയതാണ്. മാത്രമല്ല സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം -- ബേക്കൽ ദേശീയ ജലപാതയ്ക്ക് അനുയോജ്യമായ വിധം നീലേശ്വരത്തെ പാലം ഉയർത്തി നിർമ്മിക്കണമെന്ന് 18/09/2023 ന് ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിൽ സംസ്ഥാന പി ഡബ്ല്യൂ ഡി വകുപ്പ് സെക്രട്ടറിയും, ഇൻലാൻ്റ് നാവിഗേഷൻ ഡയരക്ടറും, ചീഫ് എഞ്ചിനിയറും, നാഷണൽ ഹൈവേ റീജിയണൽ ഓഫീസർ തിരുവനന്തപുരവും തീരുമാനിച്ച് ധാരാണാ പത്രത്തിൽ ഒപ്പിട്ടിട്ടുള്ളതാണ്. വകുപ്പ് മേധാവികൾ ഒപ്പിട്ടിട്ടുള്ള ഈ ധാരാണാ പത്രത്തിൻ്റെ ലംഘനമാണ് ഹൈവേ അധികൃതർ നീലേശ്വരത്ത് നടത്തുന്നത്.
നാഷണൽ ഹൈവേ വികസനത്തിൽ നീലേശ്വരത്ത് ഉണ്ടാകുന്ന ദുരവസ്ഥയ്ക്കും, സഞ്ചാര സ്വാതന്ത്യ നിഷേധത്തിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ നഗരസഭാ യു ഡി എഫ് പാർലമെൻ്ററി പാർട്ടി ലീഡർ ഇ ഷജീർ സമർപ്പിച്ച പരാതിയിന്മേൽ നാഷണൽ ഹൈവേ അധികൃതർ 24-04-2025 ന് സമർപ്പിച്ച മറുപടിയിൽ പഴയ പാലം നിലനിർത്തുമെന്നാണ് പറഞ്ഞിട്ടുള്ളത്.
നാഷണൽ ഹൈവേ അധികൃതരുടെ നടപടി നീലേശ്വരത്തെ ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
No comments