നീലേശ്വരം മന്നൻപുറത്തുകാവ് കലശമഹോത്സവം ജൂൺ രണ്ട്, മൂന്ന് തീയതികളിൽ
തെയ്യക്കാലത്തിന് സമാപനം കുറിച്ച് നീലേശ്വരം മന്നൻപുറത്ത് കാവിൽ നടക്കുന്ന കലശ മഹോത്സവം ജൂൺ രണ്ട്, മൂന്ന് തീയതികളിൽ.
ഇന്നു രാവിലെയാണ് ആചാരപരമായ ചടങ്ങുകളോടെ കലശം കുറിച്ചത്. കരിന്തളം മോഹനൻ ജോത്സ്യർ ചടങ്ങുകളുടെ ദിവസം കുറിച്ച് മുഹൂർത്തം കണക്കാക്കി കുറിപ്പ് നീലേശ്വരം രാജവംശ പ്രതിനിധി കെ സി മാനവർമ രാജയ്ക്ക് കൈമാറി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ രത്നാകരൻ നായർ, തറവാട് പ്രതിനിധികളായ വിനോദ് കുമാർ അരമന, ചന്ദ്രൻ നവോദയ തുടങ്ങിയവർ സംബന്ധിച്ചു. ജൂൺ രണ്ട് തിങ്കളാഴ്ച ഇരട്ടി നിവേദ്യത്തോടെ അകത്തേ കലശവും രണ്ടിന് ചൊവ്വാഴ്ച പുറത്തേ കലശവും നടക്കും. അന്ന് വൈകിട്ട് പ്രസന്നപൂജ നടതുറന്നാൽ തെയ്യക്കോലങ്ങളും തെക്ക് വടക്ക് കളരികളിൽ നിന്നുള്ള കലശകുംഭങ്ങളും ക്ഷേത്ര പ്രദക്ഷിണം ചെയ്യും.കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് മീൻകോവയും സമർപ്പിക്കും. കലശ മഹോത്സവത്തിന് മുന്നോടിയായുളള ഓലകൊത്തൽ മെയ് 30 വെള്ളിയാഴ്ച രാവിലെ 8.25 നും 9.20 നും മധ്യേ നടക്കും. കലശത്തട്ടുകൾ അലങ്കരിക്കുന്നതിന് പൂക്കൾ ശേഖരിക്കുന്ന പൂത്താക്കൽ ചടങ്ങും തുടർന്നുണ്ടാകും. കലശ മഹോത്സവം തിരുമുടി താഴ്ത്തുന്നതോടെ മറ്റൊരു കളിയാട്ടക്കാലവും സമാപിക്കും. തുലാപ്പത്തിന് ശേഷമാണ് പിന്നീട് കളിയാട്ടക്കാവുകൾ ഉണരുക.
No comments