Breaking News

കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ പുസ്തകോൽസവത്തിന് തുടക്കം.

കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ മൂന്നുനാൾ നീളുന്ന പുസ്തകോൽസവത്തിന് ദുർഗ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൗഢഗംഭീര തുടക്കം. ജില്ലയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആദ്യ പഥികരിലൊരാളായ കെ കെ നായരുടെ നാമധേയത്തിലുള്ള നഗറിൽ ഇ ചന്ദ്രശേഖരൻ എം എൽ എ പുസ്തകമേള ഉദ്ഘാടനം ചെയ്തു.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. 'പുസ്തകം ഇനി എത്ര കാലം' എന്ന വിഷയത്തിൽ നിരൂപകൻ ഇ പി രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.അഡ്വ.പി അപ്പുക്കുട്ടൻ വിദ്വാൻ കെ കെ നായർ അനുസ്മരണ പ്രഭാഷണം നടത്തി.സി എം ശ്രീജയ പൊള്ളക്കടയുടെ 'കുഞ്ഞി ശരീരങ്ങളുടെ ഊഷ്മാവ് ' എന്ന കവിതാ സമാഹാരം സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ പ്രകാശനം ചെയ്തു.ഇ പി രാജഗോപാലൻ ഏറ്റുവാങ്ങി.മുൻ നഗരസഭ ചെയർമാൻ കെ വേണുഗോപാലൻ നമ്പ്യാർ, പി കെ അഹമ്മദ് ഹുസൈൻ, പി ദിലീപ് കുമാർ, എ കരുണാകരൻ, സി എം ശ്രീജയ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതവും ജോ. സെക്രട്ടറി ടി രാജൻ നന്ദിയും പറഞ്ഞു.
     'ഭാഷ - സംസ്കാര വൈവിധ്യം പ്രതിരോധവും അതിജീവനവും ' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഡോ.എ എം ശ്രീധരൻ മോഡറേറ്ററായിരുന്നു. ഡോ.സി ബാലൻ, നാലപ്പാടം പത്മനാഭൻ ,ഡോ.കെ വി സജീവൻ, വനിത ആർ ഷെട്ടി എന്നിവർ സംസാരിച്ചു.പി ദാമോദരൻ സ്വാഗതം പറഞ്ഞു.
    ഒ എൻ വി കവിതാലാപന മത്സരം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ കെ നാരായണൻ അധ്യക്ഷനായി.പി സുശാന്ത്, എ കെ ആൽബർട്ട് എന്നിവർ സംസാരിച്ചു.കെ പ്രസേനൻ സ്വാഗതവും സുനീഷ് കക്കട്ടി നന്ദിയും പറഞ്ഞു.
   ശനിയാഴ്ച രാവിലെ 10 മണിക്ക് ഉറൂബിൻ്റെ 'ഭഗവാൻ്റെ അട്ടഹാസം ' ചെറുകഥ റീഡിംഗ് തിയറ്റർ സങ്കേതത്തിൽ അവതരിപ്പിക്കും. റീഡിംഗ് തിയറ്റർ കലാകാരൻമാരെ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ആദരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന ജില്ലയിലെ ലൈബ്രേറിയൻമാരുടെ സംഗമം വി കെ മധു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് നടക്കുന്ന പി ജയചന്ദ്രൻ പാടിയ ചലച്ചിത്ര ഗാനങ്ങളുടെ ആലാപന മത്സരം കവി സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പുസ്തകോൽസവം ഞായറാഴ്ച സമാപിക്കും.

No comments