കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 51-ാം സംസ്ഥാന സമ്മേളനം 16,17 തീയതികളിൽ പടന്നക്കാട്ട്
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ അമ്പത്തൊന്നാം സംസ്ഥാന സമ്മേളനം പടന്നക്കാട് കാർഷിക കോളേജിൽ 2025 മെയ് 16, 17 തീയതികളിൽ നടക്കും. മെയ് 16ന് കൗൺസിൽ യോഗവും തുടർന്ന് "യു.ജി.സി. ഡ്രാഫ്റ്റ് റെഗുലേഷൻ 2025: പ്രശ്നങ്ങളും പ്രതിരോധവും" എന്ന വിഷയത്തിൽ സെമിനാറും നടക്കും. സെമിനാർ സിപി എം ജില്ലാ സെക്രട്ടറിയും സമ്മേളന രക്ഷാധികാരിയുമായ എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. രാജ്മോഹൻ അധ്യക്ഷത വഹിക്കും. കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ജോയിന്റ് സെക്രട്ടറി സി.വി ഡെന്നി അഭിവാദ്യം ചെയ്യും. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. മെയ് 17 -ന് നടക്കുന്ന സമ്മേളനത്തിൽ കാർഷിക സർവകലാശാലയുടെ മഞ്ചേശ്വരം മുതൽ ബാലരാമപുരം വരെയുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ജീവനക്കാരുടെ 250 പ്രതിനിധികൾ പങ്കെടുക്കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡണ്ട് എൻ.ആർ.സാജൻ അധ്യക്ഷത വഹിക്കും. സ്വാഗതം സംഘം ചെയർമാൻ വി.വി.രമേശൻ സ്വാഗതം പറയും. സമ്മേളനത്തിൽ അധ്യാപക, തൊഴിലാളി, പെൻഷൻ സംഘടനകളുടെ നേതാക്കൾ അഭിവാദ്യം ചെയ്ത് സംസാരിക്കും. 1998ൽ പടന്നക്കാട് കാർഷിക കോളേജ് രൂപീകൃതമായതിനുശേഷം ആദ്യമായാണ് സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
പുതിയ വിത്തിനങ്ങൾ വികസിപ്പിച്ചും നൂതന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കിയും ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് മുന്നേറാൻ സഹായിക്കുന്ന കാർഷിക സർവ്വകലാശാലയുടെ ഉദ്ദേശലക്ഷ്യങ്ങൾ അധ്യാപനം, ഗവേഷണം, വിജ്ഞാന വ്യാപനം എന്നിവയാണ്. ഇത് മറന്നുകൊണ്ട്, കേരളത്തിലെ കർഷകർക്കും കർഷകത്തൊഴിലാളികൾ ഉൾപ്പെടുന്ന പൊതുജനങ്ങൾക്കും സഹായകമായി നിലകൊള്ളുന്ന വിവിധ ഗവേഷണ കേന്ദ്രങ്ങൾ ഉന്നത ഉദ്യോഗസ്ഥ ഭരണ സൗകര്യാർത്ഥം അടച്ച് പൂട്ടണമെന്നും, സർവകലാശാലയുടെ ജനാധിപത്യ സ്വഭാവം ഇല്ലാതാക്കി ഉദ്യോഗസ്ഥ ഭരണ സംവിധാനം കൊണ്ടുവരണമെന്നും, കർഷകർക്ക് ആവശ്യമായ ഗുണമേന്മയുള്ളതും അത്യുൽപാദനശേഷിയുള്ളതുമായ വിത്തിനങ്ങളുടെ രൂപീകരണ പ്രക്രിയയിൽ പിന്തുണ നൽകുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പരിമാതപ്പെടുത്തണമെന്നും, നിലപാടെടുക്കുന്ന സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണ് സർവകലാശാല. 2016 അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ പി.എസ്. സി. മുഖേന ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളിൽ നിയമനം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാർഷിക സർവകലാശാലയിലാകട്ടെ ഇ-ഓഫീസ് നടപ്പിലാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് ഭരണവിഭാഗം തസ്തികയിലേക്കുള്ള നിയമനം വൈസ് ചാൻസലർ തടഞ്ഞുവക്കുകയും, തസ്തികകളുടെ ആവശ്യകത സംബന്ധിച്ച് പഠനം നടത്തുന്നതിന് ആജ്ഞാനുവർത്തികൾ അടങ്ങിയ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 213 ലധികം തസ്തികകൾ അനാവശ്യമാണെന്ന് കാണിച്ചുകൊണ്ട് വൈസ് ചാൻസലർ ഉത്തരവിറക്കിയെങ്കിലും വിദഗ്ധർ ഉൾപ്പെടാത്ത കമ്മിറ്റിയുടെ നിർദ്ദേശം ഉൾക്കൊണ്ട് ഇറക്കിയ ഉത്തരവ് സർവ്വകലാശാലാ ഭരണ സമിതി (സിൻഡിക്കേറ്റ്) തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കൃഷിവകുപ്പിലെ അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ പദവിയും സെക്രട്ടറി പദവിയും വഹിക്കുന്ന ഇൻചാർജ് വൈസ് ചാൻസലർ, ആ അധികാരമുപയോഗിച്ച് ഇതേ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് 88 തസ്തികകൾ നിർത്തലാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ബി ജെ പി നയിക്കുന്ന കേന്ദ്രസർക്കാർ, സർവകലാശാലകളുടെ ഭരണം കയ്ക്കലാക്കാൻ നിയമനിർമ്മാണം നടത്തി കൊണ്ടിരിക്കുന്ന വേളയിലാണ്, സർവകലാശാലയെ തന്നെ ഇല്ലാതാക്കാൻ ഇൻ ചാർജ് ഭരണം കൈയാളുന്ന വൈസ്
ചാൻസലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ്, ഇതിനെ തരണം ചെയ്യുന്നതിന് ആവശ്യമായ നയരൂപീകരണം നടത്തുന്ന സംസ്ഥാന സമ്മേളനം ചേരുന്നത്. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.വി.രമേശൻ, എം.പ്രിയേഷ്, പബ്ളിസിറ്റി കമ്മറ്റി ചെയർമാൻ, സതീഷ് കുമാർ എം, അജിത്ത്.ജെ, രാജേഷ്.സി.വി, ജിഷ്ണുരാജ് എം.വി, കെ.ആർ.പ്രദീഷ് കൺവീനർ, സ്വാഗതസംഘം എന്നിവർ പങ്കെടുത്തു.
No comments