ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്‌തകോത്സവം മെയ് 16 മുതല്‍ 18 വരെ
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ പുസ്‌തകോത്സവം മെയ് 16 മുതല്‍ 18 വരെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
50 ല്‍ അധികം പ്രസാധകരുടെ 100 പുസ്‌തക സ്റ്റാളുകള്‍ മേളയിലുണ്ടാകും. സംസ്ഥാനത്തെ പ്രമുഖ പ്രസാധകരുടെ മികച്ചതും ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയതുമായ പുസ്‌തകങ്ങള്‍ ഗ്രന്ഥാലയങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വിലക്കിഴിവോടെ പുസ്‌തകോത്സവത്തില്‍ ലഭ്യമാകും. കാസര്‍കോട് ജില്ലയിലെ 478 ഗ്രന്ഥശാലകള്‍ക്കായി 85 ലക്ഷം രൂപയാണ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്‌തകഗ്രാന്റ് നല്‍കുന്നത്. അത്യുത്തര കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിസ്‌തുലമായ പങ്ക് വഹിച്ച വിദ്വാന്‍ കെ കെ നായരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ നാമധേയത്തിലാണ് പുസ്‌തകോത്സവ നഗരി. ഈയിടെ വിട്ടു പിരിഞ്ഞ ഗ്രന്ഥശാല പ്രസ്ഥാനനേതാവ് ജി അംബുജാക്ഷന്റെ പേരിലുള്ള നഗരിയിലാണ് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുക.
16 ന് രാവിലെ 10. 30 ന് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പഴ്‌സന്‍ കെ വി സുജാത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണന്‍ മുഖ്യാതിഥിയാകും. പുസ്‌തകം എത്ര കാലം എന്ന വിഷയത്തില്‍ ഇ പി രാജഗോപാലന്‍ പ്രഭാഷണം നടത്തും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടന്‍ വിദ്വാന്‍ കെ കെ നായര്‍ ജന്മശതാബ്ദി അനുസ്‌മരണം നടത്തും. വിവിധ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പി വി കെ പനയാല്‍ പ്രകാശനം ചെയ്യും.
വൈകിട്ട് നാലിന് ഭാഷ- സംസ്‌കാരം, വൈവിധ്യം, പ്രതിരോധവും അതിജിവനവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച. ഡോ എ എം ശ്രീധരന്‍ മോഡറേറ്റര്‍ ആകും. ഡോ സി ബാലന്‍, നാലപ്പാടം പത്മനാഭന്‍, ഡോ കെ വി സജീവന്‍, വനിത ആര്‍ ഷെട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകിട്ട് ആറിന് ഒ എന്‍ വി കവിതാലാപന മത്സരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ ഉദ്‌ഘാടനം ചെയ്യും. പൊതുവിഭാഗത്തിനാണ് മത്സരം.
17 ന് രാവിലെ 10 ന് ഉറൂബിന്റെ ചെറുകഥ ഭഗവാന്റെ അട്ടഹാസം റീഡിങ് തിയേറ്റര്‍ സങ്കേതത്തില്‍ അവതരിപ്പിക്കും. റീഡിങ് തിയേറ്റര്‍ കലാകാരന്മാരെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ആദരിക്കും. ഉച്ചയ്‌ക്ക് രണ്ടിന് ജില്ലയിലെ മുഴുവന്‍ ലൈബ്രേറിയന്മാരും പങ്കെടുക്കുന്ന സംഗമം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പൊതുവിഭാഗത്തിനായി പി ജയചന്ദ്രന്‍ പാടിയ ചലച്ചിത്ര ഗാനങ്ങളുടെ ആലാപന മത്സരം. കവി സി എം വിനയചന്ദ്രന്‍ അനുസ്‌മരണം ഉദ്‌ഘാടനം ചെയ്യും.
18 ന് രാവിലെ 11 ന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നാടകോത്സവത്തില്‍ വിജയിച്ച ജില്ലാ നാടക സംഘാംഗങ്ങള്‍, സംസ്ഥാന വായന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ തച്ചങ്ങാട് ഗവ ഹൈസ്‌കൂളിലെ കെ പൃഥ്വിരാജ്, എന്‍ വൈഷ്‌ണവി എന്നിവരെ അനുമോദിക്കും. നാടകസംവിധായകന്‍ വി ശശി ഉപഹാര സമര്‍പ്പണം നടത്തും. ഉച്ചയ്‌ക്ക് രണ്ടിന് സമാപന സമ്മേളനം നാടകകൃത്ത് രാജ്‌മോഹന്‍ നീലേശ്വരം ഉദ്‌ഘാടനം ചെയ്യും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍, സെക്രട്ടറി ഡോ പി പ്രഭാകരന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം പി വി കെ പനയാല്‍, ടി രാജന്‍, ഹൊസ്‌ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി വേണുഗോപാലന്‍, ഇ കെ സുനില്‍കുമാര്‍ പട്ടേന, പപ്പന്‍ കുട്ടമത്ത്, കെ പ്രസേനന്‍ എന്നിവര്‍ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

No comments