Breaking News

12601/12602 എം.ജി.ആർ. ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ - എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ, 16355/16356 കൊച്ചുവേളി- മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്സ്, 16621/16622 രാമേശ്വരം - മംഗളൂരു സെൻട്രൽ വീക്കിലി എക്പ്രസ്സ്, റെയിൽവെ പുതിയതായി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ബൈന്തൂർ -രാമേശ്വരം എക്സ്പ്രസ്സ്, കോയമ്പത്തൂർ - മംഗളൂരു- കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസ്സ് വന്ദേ ഭാരത് എക്സ്പ്രസ്സ് എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമുള്ള നൂറ് സാമൂഹ്യ-സാംസ്കാരിക സംഘടന ഭാരവാഹികൾ ഒപ്പിട്ട നിവേദനം കേന്ദ്ര റെയിൽവെ മന്ത്രിക്ക് സമർപ്പിക്കുന്നതിനായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ക്ക് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ.നന്ദകുമാർ കോറോത്ത് കൈമാറി. വരുമാനത്തിൻ ജില്ലയിൽ മൂന്നാം സ്ഥാനത്തുള്ള നീലേശ്വരത്ത്11097/11098 പൂന -എറണാകുളം ജംഗ്ഷൻ - പൂന പൂർണ്ണ എക്സ്പ്രസ്സ്, 16337/16338 ഓഖ - എറണാകുളം ജംഗ്ഷൻ - ഓഖ എക്സ്പ്രസ്സ് ഉൾപ്പടെയുള്ള ദീർഘദൂര തീവണ്ടികൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവെ സ്റ്റേഷൻ്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള റോഡ് നിലവിലുള്ള റോഡുമായി ബന്ധിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നീലേശ്വരം റെയിൽവെ സ്റ്റേഷൻ്റെ വികസനത്തിന് വേണ്ടി ക്രിയാത്മകമായി ഇടപെട്ട് റെയിൽവെയുടെ യോഗങ്ങളിലും ഇന്ത്യൻ പാർലമെൻ്റിലും വികസന കാര്യങ്ങൾ ഉന്നയിച്ച ഇന്ത്യൻ റെയിൽവെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം കാസർഗോഡ് എം.പി.രാജ്മോഹൻ ഉണ്ണിത്താന് ജനകീയ കൂട്ടായ്മയുടെ ഉപഹാരം മുതിർന്ന പത്രപ്രവർത്തകർ സേതു ബങ്കളം സമ്മാനിച്ചു. മെയ് 27 ന് ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന റെയിൽവെ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ നിവേദനത്തിൽ ഉൾപ്പെട്ട നീലേശ്വരത്തിൻ്റെ വികസന കാര്യങ്ങൾ അവതരിപ്പിക്കുമെന്ന് എം.പി അറിയിച്ചു. നീലേശ്വരത്ത് എസ്കലേറ്റർ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെക്രട്ടറി കെ.വി.സുനിൽരാജ്, സി.കെ.അബ്ദുൾ സലാം, സി.വി.ഭാവനൻ, എ.വി.പത്മനാഭൻ, അശോക് രാജ് വെള്ളിക്കോത്ത് എന്നിവർ സംബന്ധിച്ചു.

ചെന്നൈ മെയിലിന് സ്റ്റോപ്പ്, എസ്കലേറ്റർ നിർമ്മാണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് ജനകീയ കൂട്ടായ്മ നിവേദനം സമർപ്പിച്ചു

No comments