Breaking News

കിളിയളം പാലം, കിളിയളം- വരഞ്ഞൂർ- ബാനം- പരപ്പ റോഡ് ഉദ്ഘാടനം - 22 ന്

നീലേശ്വരം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലേയും കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെയും ജനങ്ങളുടെ വളരെക്കാലത്തെ സ്വപ്നമായിരുന്ന പണി പൂർത്തീകരിച്ച കിളിയളം പാലത്തിന്റെയും റോഡിന്റെയും ഉദ്ഘാടനം 2025 ഏപ്രിൽ 22 ന് ചൊവ്വാഴ്ച 11 മണിക്ക് കിളിയളത്ത് ചേരുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ, ഇ.ഇമ്പശേഖർ ഐ.എഎസ്, ജില്ലാകലക്ടർ, മുൻ എം.പി പി.കുണാകരൻ എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും. കെ.ആർ.എഫ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ജയ.കെ.ആർ റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പ്രതിനിധികളും ആശംസകളർപ്പിക്കും. 25.14 കോടി രൂപ റോഡ് നവീകരണത്തിനും 3.87 കോടി രൂപ പാലം നിർമ്മാണത്തിനുമാണ് കരാറായത്. ഒന്നാം പിണറായി സർക്കാരിൻറെ ആദ്യ ബഡ്ജറ്റിൽ തന്നെ ഈ തുക അനുവദിച്ച് കിട്ടി. കിഫ്ബി പദ്ധതിയുടെ മാനദണ്ഡങ്ങൾ ക്കനുസരിച്ചാണ് കിളിയളം മുതൽ കമ്മാടം വരെ 10 മീറ്റർ വീതിയിലും 10 കി.മീ നീളത്തിലും മെക്കാഡം ടാർ പൂർത്തിയായി. പതിനഞ്ചോളം കൾബർട്ടുകളും ഡ്രെയിനേജ് ഉൾപ്പെടെയുള്ള റോഡാണ് പൂർത്തിയായത്. 10 മീറ്റർ ഉയരവും 70 മീറ്റർ നീളവും 11 മീറ്റർ വീതിയുമുളള മനോഹരമായ പാലമാണ് പൂർത്തിയായത്. കെ.ആർ.എഫ് ന്റെ നേതൃത്വത്തിലാണ് പണി പൂർത്തിയാക്കിയത്. കിളിയളം ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, വരഞ്ഞൂർ, ബാനം, കമ്മാടം, പരപ്പ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ റോഡും പാലവും.  

22ന് നടക്കുന്ന ഉദ്ഘാടനപരിപാടി വിജയിപ്പിക്കാൻ കിളിയളത്ത് ചേർന്ന നാട്ടുകാരുടെ യോഗം വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നു.വാർത്താ സമ്മേളനത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ.കെ.വി,പഞ്ചായത്ത് അംഗം കെ. യശോദ , സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം കെ ലക്ഷ്മണൻ ,സിപിഐ മണ്ഡലം സെക്രട്ടറി എൻ പുഷ്പരാജൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഉമേശന്‍ വേളൂർ എന്നിവർ പങ്കെടുത്തു.

No comments