Breaking News

നീലേശ്വരം താലൂക്കാശുപത്രിയിൽ ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണം എട്ടാം വർഷത്തിലേക്ക്

വള്ളിക്കുന്നിലെ നീലേശ്വരം താലൂക്കാശുപത്രിയിൽ ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ പൊതിച്ചോർ വിതരണം എട്ടാം വർഷത്തിലേക്ക്.
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം പൊതിച്ചോർ വിതരണം എന്ന പരിപാടി സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് 2018 മാർച്ച് 21 ന് ഉദ്ഘാടനം ചെയ്തത്. താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന പദ്ധതിയിൽ ഏഴ് വർഷം കൊണ്ട് ഒന്നേ മുക്കാൽ ലക്ഷം പൊതിച്ചോറുകളാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ശേഖരിച്ച് വിതരണം ചെയ്തത്. ബ്ലോക്കിലെ 212 യൂനിറ്റുകളിലെ വീടുകളിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞ് പൂർണമായി പ്ലാസ്റ്റിക് വിമുക്തമാക്കിയ പൊതിച്ചോറുകളാണ് നൽകി വരുന്നത്. നീലേശ്വരത്തെ യുവത ആവേശപൂർവമാണ് ഈ പ്രവർത്തനം ഏറ്റെടുത്തത്. നീലേശ്വരം താലൂക്കാശുപത്രിയിൽ നടന്ന വാർഷികാഘോഷ പരിപാടി ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് എം വി ദീപേഷ് അധ്യക്ഷത വഹിച്ചു.
ഡോ സ്വാതി, ജില്ലാ കമ്മിറ്റി അംഗം കെ സനു മോഹൻ, അമൃത സുരേഷ്, പാറക്കോൽ രാജൻ, ടി ജി ഗംഗാധരൻ, ടി പി ലത, പി സതി, പി അഖിലേഷ്, സുജിത് കുമാർ, വി ടി ജിതേഷ്, എ കെ സജയ്, ജഗദീശൻ, വി സുകേഷ്, എം എ നിതിൻ, സബിൻ സത്യൻ, സിനീഷ് കുമാർ, ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷ ദിവസം നീലേശ്വരം വെസ്റ്റ് മേഖലയിലെ തൈക്കടപ്പുറം നോർത്ത് യൂനിറ്റാണ് പൊതിച്ചോർ കൊടുത്തത്. കാസർകോട് ജനറൽ ആശുപത്രി, ബേഡകം താലൂക്കാശുപത്രി, മുളിയാർ സി എച്ച് സി, വി വി സ്മാരക ഗവ ആശുപത്രി, ചെറുവത്തൂർ, തൃക്കരിപ്പൂർ, വെള്ളരിക്കുണ്ട്, പൂടങ്കല്ല് എന്നിവിടങ്ങളിലെ താലൂക്കാശുപത്രികൾ എന്നിവിടങ്ങളിലും ഡി വൈ എഫ് ഐ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്.
........................

No comments