Breaking News

കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; പടക്കത്തി ഭഗവതിയും ആര്യക്കര ഭഗവതിയും രാമവില്യത്തെ തിരുമുറ്റത്തെത്തി


കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് 
തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ
പടക്കത്തി ഭഗവതിയും ആര്യക്കര ഭഗവതിയും തിരുമുറ്റത്തെത്തി. 
കലശത്തോടെയും മംഗല കുഞ്ഞുങ്ങളുടെ അകമ്പടിയോടെയും 
സർവാഭരണ വിഭൂഷിതയായ വടക്കത്തി ഭഗവതി ക്ഷേത്രം വലംവച്ചപ്പോൾ തിരുമുറ്റം നിറഞ്ഞ പുരുഷാരം കൈകൂപ്പി നിന്നു.തുടർന്ന് ആര്യക്കര ഭഗവതി ഭക്തർക്ക് ദർശന സായൂജ്യമേകി. ക്ഷേത്രമുറ്റത്തെത്തിയ ഭഗവതിമാർ ഉറഞ്ഞാടി തിരുനടനം ചെയ്ത് ഭക്തരെ അഭയ മുദ്ര കാട്ടി അനുഗ്രഹിച്ചു.
രാവിലെ ഇളമ്പച്ചി മണക്കാട് തറവാട്ടു നിന്നും കലശം ക്ഷേത്രത്തിലെത്തിച്ച ശേഷം തേങ്ങാക്കല്ലിൽ വലം വെച്ച് വടക്കത്തി ഭഗതിയുടെ ആറയുടെ പിറകിലുള്ള വലിയ കലശത്തറമേൽ വെച്ചു.തുടർന്ന് 10.19 നും 11.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തികളുടെ തിരുപ്പുറപ്പാട്.പിലിക്കോട് തെക്കുംകര ബാബു കർണമൂർത്തി പടക്കത്തി ഭഗവതിയുടെയും ഏഴോം
പ്രതീഷ് മണക്കാടൻ
ആര്യക്കര ഭാഗവതിയുടെയും കോലധാരികളായി. പെരുങ്കളിയാട്ടത്തിന്റെ വരച്ചു വെക്കൽ ചടങ്ങ് മുതൽ ക്ഷേത്ര പരിസരത്തെ കുച്ചിലിൽ തീവ്ര വ്രതനിഷ്ഠയിലായിരുന്നു ഇരുവരും.ജില്ലയുടെ ഇതര ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി
ആയിരക്കണക്കിനാളുകളാണ് ഭഗതിമാരുടെ തിരുമുടി നിവരലിന് സാക്ഷികളാകാൻ എത്തിയത്.ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പെരുങ്കളിയാട്ട സംഘാടക സമിതി ഏർപ്പെടുത്തിയിരുന്നു. ഭഗവതിമാർ തിരുമുടി താഴ്ത്തുന്നതോടെ എട്ടു ദിവസങ്ങളിലായി നടന്ന പെരുങ്കളിയാട്ടം സമാപിക്കും.

No comments