Breaking News

അറിവിന്റെ ഉത്സവസമേളമൊരുക്കി ജി എച്ച് എസ് കാഞ്ഞിരപ്പൊയിൽ

ഭാവിയിലെ മത്സരപ്പരീക്ഷകളെ നേരിടാൻ അറിവും തിരിച്ചറിവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ജി എച്ച് എസ് കാഞ്ഞിരപ്പൊയിൽ ഈ വർഷം ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമാണ് വിങ്സ് ഓഫ് കാഞ്ഞിരപ്പൊയിൽ.
2024 ജൂൺ മാസം മുതൽ തുടങ്ങിയ അറിവിന്റെ മഹോത്സവത്തിൽ മുഴുവൻ കുട്ടികളെയും, രക്ഷിതാക്കളെയും നാട്ടുകാരെയും പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അറിവിന്റെ വിശാലമായ ആകാശം നമ്മുടെ കുട്ടികൾക്ക് മുന്നിൽ തുറന്നുകാട്ടി സ്വയംപഠനത്തിനുള്ള അവസരമൊരുക്കുക എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മടിക്കൈയിലെ ക്ലബ്ബുകളെയും, വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെയും, വിദ്യാലയത്തിലെ കുട്ടികളുടെ രക്ഷിതാക്കളെയും, പ്രീ പ്രൈമറി - അംഗനവാടികളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നത് വലിയ വിജയമായി കാണുന്നു.

ഒൻപത് മാസങ്ങളിലായി നടന്ന പതിനെട്ടോളം അറിവനുഭവങ്ങളിൽ നിന്നും അവസാന റൗണ്ടിൽ എത്തിയ 30 കുട്ടികൾ മറ്റുരച്ച ഗ്രാൻഡ് ഫിനാലെ ഇന്നലെ നിറഞ്ഞ വേദിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രകാശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ വേണുഗോപാലൻ മുങ്ങത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ വിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശൈലജ, മദർ പി ടി എ പ്രസിഡന്റ്‌ ശ്യാമ, സീനിയർ അസിസ്റ്റന്റ് നീരജ് എന്നിവർ സംസാരിച്ചു. വിങ്സ് കോർഡിനേറ്റർ ഹരിപ്രസാദ് വി വി നന്ദി പറഞ്ഞു.

കുട്ടികൾക്ക് ക്വിസ് മത്സരം മികച്ചൊരനുഭവമാക്കി മാറ്റാനും,തുടർപഠനത്തിനുള്ള പ്രചോദനമാകാനും മത്സരം നിയന്ത്രിച്ച ജി എച്ച് എസ് തച്ചങ്ങാടിലെ അധ്യാപകനായ പ്രേമചന്ദ്രൻ മാഷിന് കഴിഞ്ഞു. കൃഷ്ണരാജ് കരിയാക്കണ്ടം സ്പോൺസർ ചെയ്യുന്ന ഒന്നാം സമ്മാനമായ സൈക്കിളിന് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അക്ഷയ്രാജ് വി.വി അർഹത നേടി. മുകേഷ് മുടിക്കാനം സ്പോൺസർ ചെയ്ത രണ്ടാം സമാനമായ സ്റ്റഡി ടേബിളിന് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അശ്വതി ടി അർഹയായി. സ്റ്റാഫ്‌ കൗൺസിൽ സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ സ്റ്റഡിടേബിന് പത്താം ക്ലാസ്സിലെ ഗംഗകൃഷ്ണയും അർഹയായി.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു

No comments