കുട്ടികളെ വായനയിലേക്ക് കൈപിടിച്ച വായനവെളിച്ചം മൂന്നാം വർഷത്തിലേക്ക്: ഈ വർഷത്തെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് നീലേശ്വരം പള്ളിക്കര പീപ്പിൾസിൽ
മൊബൈൽ ഫോൺ, ടാബ്, ലാപ്‌ടോപ് എന്നിവയ്ക്കു മീതെ അടയിരിക്കാനല്ല കുട്ടിക്കാലവും അവധിക്കാലവുമെന്ന് ഓർമപ്പെടുത്തി വായനവെളിച്ചം ഇക്കുറിയും.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ച ഈ പദ്ധതി കേരളഗ്രന്ഥശാല സംഘത്തിന്റെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചതാണ്. മധ്യവേനലവധിക്കാലത്ത് പുസ്തകം, അക്ഷരങ്ങൾ, വായന എന്നിവയെ ചേർത്തുപിടിക്കാൻ താലൂക്കിലെ 235 ഗ്രന്ഥശാലകളിലാണ് തുടർച്ചയായ മൂന്നാം വർഷവും പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രന്ഥശാലകളിലും ഏപ്രിൽ, മെയ് മാസങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ചുരുങ്ങിയത് എട്ട് കൂടിച്ചേരലുകളെങ്കിലും നടക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ മാസം അവസാനവാരം കുട്ടികളുടെ സർവേ, രക്ഷിതാക്കളുടെ യോഗം എന്നിവ വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ഇതിനു മുന്നോടിയായി ഓരോ ഗ്രന്ഥശാലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വായന വെളിച്ചം കൺവീനർമാർക്ക് താലൂക്കിലെ നാല് കേന്ദ്രങ്ങളിലായി പരിശീലനം നൽകിക്കഴിഞ്ഞു. ലൈബ്രറികൾ പ്രമോ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ഏപ്രിൽ ആദ്യവാരം കുട്ടികളുടെ വായനക്കൂട്ടം രൂപീകരിച്ച് വായനയ്ക്കായി പുസ്തകങ്ങൾ വിതരണം ചെയ്തുകൊണ്ടായിരിക്കും പ്രവർത്തനങ്ങളുടെ തുടക്കം. ഓരോ ആഴ്ചയും വായനക്കായി നൽകുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പെഴുതി തൊട്ടടുത്ത ആഴ്ചയിലെ വായനക്കൂട്ടത്തിൽ അവതരിപ്പിക്കും. വായിച്ച പുസ്തകങ്ങളെ ആസ്പദിച്ച് വിവിധ കലാ അവതരണങ്ങളും അരങ്ങേറും. ചെറുതും വേഗം വായിച്ചു തീർക്കാവുന്നതുമായ അമ്പതോളം പുസ്തകങ്ങളുടെ പട്ടികയും ഇതിനായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മികച്ച ഗ്രന്ഥശാലകൾ, കൺവീനർമാർ, തനതും വേറിട്ടതും ആകർഷകവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഗ്രന്ഥശാലകൾ, മികച്ച ഡോക്യുമെന്റേഷൻ ന്നെിവയ്ക്ക് താലൂക്ക് തലത്തിൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കുട്ടികളെ വായന പക്ഷാചരണ കാലത്ത് ഗ്രന്ഥശാലകൾ അനുമോദിക്കും. ഈ വർഷത്തെ വായനവെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് വൈകിട്ട് 3. 30 ന് പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ നടക്കും. പ്രശസ്ത എഴുത്തുകാരൻ ഡോ അംബികാസുതൻ മാങ്ങാട് കുട്ടികളുമായി സംവദിച്ച് ഉദ്ഘാടനം നിർവഹിക്കും.
No comments