അനധികൃത രാത്രികാല മീൻപിടിത്തം: രണ്ട് കർണാടക ബോട്ടുകൾ പിടിയിൽ:
തീക്ഷ്ണ വെളിച്ചം ഉപയോഗിച്ച് അനധികൃതമായി മീൻപിടിച്ചതിന് രണ്ട് കർണാടക ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി.
അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കി. കടലിൽ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മീൻകൂട്ടങ്ങളെ ആകർഷിച്ച് ഒന്നായി കോരിയെടുക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരോധിച്ച മീൻപിടിത്ത രീതിയാണ്. 12 വാട്‌സിൽ താഴെയുള്ള വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതി. അതിഥി തൊഴിലാളികളെ നിയോഗിച്ച് നിയമം ലംഘിച്ച് 5000 വാട്‌സ് വരെയുള്ള വിളക്കുകൾ ഉപയോഗിച്ച് മീൻ പിടിച്ചതിനാണ് കർണാടക ബോട്ടുകൾ പിടികൂടിയത്. ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്- കോസ്റ്റൽ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കേരളസമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽ നിന്നുള്ള അഹാൻ അയാൻ, അൻഷി എന്നീ ബോട്ടുകളുടെ ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എൻ സോണി രാജിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്. മറൈൻ എൻഫോഴ്‌സ്മെൻ്റ് വിംഗിലെ എസ് സി പി ഒ ശരത്കുമാർ, തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ രതീഷ്, കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി പി ഒ രതീഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ അജീഷ് കുമാർ, സേതു മാധവൻ സ്രാങ്ക് ഷൈജു, ഡ്രൈവർ സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ തുടർന്നുംശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കാസറഗോഡ് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
No comments