Breaking News

കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകൾക്ക് ഊന്നൽ നൽകി മടിക്കൈ പഞ്ചായത്ത് ബജറ്റ്

ജനക്ഷേമവും പുരോഗതിയും സാമൂഹ്യ നീതിയും ഉറപ്പുവരുത്തി കൊണ്ടുള്ള ബഡ്ജറ്റാണ് മടിക്കൈ ഗ്രാമപഞ്ചായത്തിൽ വൈസ്. പ്രസിഡണ്ട് വി പ്രകാശൻ അവതരിപ്പിച്ചത്.കാർഷികം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് 356229100 രൂപ 
വരവും 355,757,041 രൂപ 
ചെലവും19,346,399 രൂപയുടെ
മിച്ചവും പ്രതീക്ഷിക്കുന്നതാണ് 
ബജറ്റ്. പച്ചക്കറി, നെല്ല്, തെങ്ങ്, വാഴ എന്നീ വിളകളെ കൂടാതെ ഇടവേള കൃഷിയെയും ഗാർഹിക പച്ചക്കറിയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ബജറ്റിൽ ലക്ഷ്യമിടുന്നുണ്ട്. വന്യമൃഗ ശല്യം പരിഹരിക്കാൻ കർഷകരുടെ നേതൃത്വത്തിൽ കാർഷിക കർമസേന രൂപീകരിച്ച് സർക്കാർ നിർദ്ദേശത്തിന് അനുസരിച്ച് കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണും. ഇതോടൊപ്പം വന്യജീവി ആക്രമണം നേരിടുന്ന കർഷകർക്ക് പഞ്ചായത്തിന്റെ സാമ്പത്തിക ഭദ്രതയിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരങ്ങളും നൽകും.ആരോഗ്യമേഖലയിൽ കൂടുതൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം ആവശ്യമായ മരുന്നുകൾ ഉറപ്പുവരുത്തുകയും മടിക്കൈ കുടുംബാരോഗ്യകേന്ദ്രത്തിൽ സായാഹ്നം വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കാനുള്ള നടപടികളും ബജറ്റിലുണ്ട്. ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ ചികിത്സ ശാസ്ത്രത്തെ കൂടുതൽ ജനങ്ങളെ എത്തിക്കാൻ വിവിധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കൂടാതെ സിദ്ധ ചികിത്സയ്ക്കുള്ള മരുന്നുകൾ ലഭ്യമാക്കുന്നതോടൊപ്പം എല്ലാ ജനങ്ങൾക്കും സിദ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടികളും ബജറ്റിൽ ഉണ്ട് .ടി എസ് തിരുമുമ്പ് സാംസ്ക്കാരിക സമുച്ചയത്തെ മുൻനിർത്തി മടിക്കൈ ടൂറിസ്റ്റ് സർക്ക്യൂട്ടിന് നേതൃത്വം നൽകും.
മടിക്കൈയുടെ ടൂറിസം സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തും.മടിക്കൈ പഞ്ചായത്ത് പരിധിയിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ഹോംസ്റ്റേ പദ്ധതി നടപ്പിലാക്കും. ടൂറിസ്റ്റുകൾക്ക് ഉൾപ്പെടെ ഭക്ഷണ താമസ സൗകര്യം കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കും. ഇതിനായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വെബ്സൈറ്റ് സ്ഥാപിക്കും. ഈ പ്രവൃത്തി മടിക്കൈ ടൂറിസ്റ്റ് സർക്ക്യൂട്ടിന് കരുത്ത് നൽകും. 'ഗ്രാമീണതയെ സംരക്ഷിച്ചുകൊണ്ട് മടിക്കൈ മോഡൽ ടൗൺഷിപ്പിന് നേതൃത്വം കൊടുക്കും. നിലവിലുള്ള പ്രധാന ജംങ്ഷനുകളിൽ ടൗൺഷിപ്പിന് സമാനമായ രീതിയിൽ സൗന്ദര്യ വത്ക്കരിക്കാനും, വോക്ക് വേ നിർമ്മിക്കാനുള്ള ഇടപെടലുകൾ നടത്തും.
 ജംങ്ഷനുകൾ കേന്ദ്രീകരിച്ച് കഫെ കൗണ്ടറുകളും, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രവും കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കും.
എരിക്കുളം മൺപാത്ര നിർമ്മാണം ഭൗമസൂചിക പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. കാസർകോട് സിൽക്ക് മാത്രമായിരുന്നു നിലവിൽ ആ പദവിയിലുണ്ടായിരുന്നത്. മൺപാത്ര നിർമ്മാണത്തെ ലോകശ്രദ്ധയാകർഷിക്കാൻ കഴിയും നിലയിൽ നവീകരിക്കാനും, ആധുനിക വത്കരിക്കാനും ശ്രമം നടത്തും.വഴിയോര വിശ്രമകേന്ദ്രങ്ങളെ ഹാപ്പിനസ് പാർക്കുകളാക്കി മാറ്റാനും ബജറ്റ് ലക്ഷ്യമിടുന്നു.
കുടിവെള്ളവുമായി ബന്ധപ്പെട്ട പരാതികൾ ജലസേചനവകുപ്പുമായി ചേർന്ന് പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും.
യോഗത്തിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
കെ മണികണ്ഠൻ,
വൈസ് പ്രസിഡൻ്റ് കെ വി ശ്രീലത,
പഞ്ചായത്ത് ഓംബുഡ്സ്മാൻ നിസാർ, വാർഡ് അംഗങ്ങളായ 
എ.വേലായുധൻ,
എൻ.ബാലകൃഷ്ണൻ,മുൻപഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ, വി. കുട്ട്യൻ, ബാലചന്ദ്രൻ മാസ്റ്റർ,പഞ്ചായത്ത് സെക്രട്ടറി ബിജു എന്നിവർ
സംസാരിച്ചു.

No comments