Breaking News

നീലേശ്വരം കേണമംഗലം പെരുങ്കളിയാട്ടത്തിന് വരച്ചു വച്ചു: പള്ളിക്കര പ്രസാദ് കർണമൂർത്തി കേണമംഗലത്ത് ഭഗവതിയുടെ കോലമണിയും

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതിക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിൽ പ്രധാന ആരാധനമൂർത്തിയായ കേണമംഗലത്ത് ഭഗവതിയുടെ കോലധാരിയെ നിശ്ചയിക്കുന്ന വരച്ചുവെക്കൽ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഴക സന്നിദ്ധിയിൽ നടന്നു. കോലധാരിയെ കണ്ടെത്തുന്നതിനുള്ള രാശിയിൽ പള്ളിക്കര പ്രസാദ് കർണ്ണമൂർത്തിക്ക് കേണമംഗലത്ത് ഭഗവതിയുടെ കോലമണിയാൻ നിയോഗം ലഭിച്ചു. ഇതോടെ പ്രസാദ് കർണ്ണമൂർത്തി ക്ഷേത്രപരിസരത്ത് പ്രത്യേകം സജ്ജമാക്കിയ കുച്ചിലിൽ വ്രതം ആരംഭിച്ചു. മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ 11 തോറ്റങ്ങൾ ആടി ഭഗവതിയെ മനസിലേക്കും ശരീരത്തിലേക്കും ആവാഹിച്ചാണ് കർണ്ണമൂർത്തി കേണമംഗലത്ത് ഭഗവതിയുടെ കോലം ധരിക്കുക. പെരുങ്കളിയാട്ടത്തിൻ്റെ സമാപന ദിവസമായ മാർച്ച് ഒൻപത് ഞായറാഴ്‌ച രാവിലെ പകൽ 11 നും 11.30നും ഇടയിലെ ശുഭമൂഹൂർത്തത്തിൽ കേണമംഗലത്ത് ഭഗവതിയുടെ തിരുമുടി നിവരും. വരച്ചുവെക്കൽ ചടങ്ങിൽ വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാരക്കാരും സ്ഥാനികരും, വാല്യക്കാർ,കമ്മറ്റി ഭാരവാഹികൾ നാട്ടുകാർ തുടങ്ങി നിരവധി പേർ സംബന്ധിച്ചു. മാർച്ച് 4 ന് രാവിലെ പള്ളിക്കര ഭഗവതിക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും എഴുന്നള്ളിക്കുന്നതോടെ മാർച്ച് 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് തുടക്കമാകും.

No comments