പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: നഗരിയിൽ സഹസ്ര ജ്യോതിർലിംഗ ദർശനവും ആത്മീയ പ്രദർശിനിയും
നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട നഗരിയിൽ പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം നീലേശ്വരം സെന്റർ സഹസ്രലിംഗ ജ്യോതിർലിംഗ ദർശനവും ആത്മീയ ചിത്ര പ്രദർശിനിയും സംഘടിപ്പിക്കും. ശിവപരമാത്മാവിന്റെ പ്രതീകമായ ശിവ ജ്യോതിർലിംഗത്തെ ഒരേസമയം ആയിരങ്ങളായി ദർശനം ചെയ്യാനുള്ള അവസരമാണ് പെരുങ്കളിയാട്ട നഗരിയിൽ ഒരുക്കുക. തീർത്തും സൗജന്യവും സുഖപ്രദവുമായ ധ്യാനമാർഗമായ രാജയോഗ രീതികൾ പരിചയപ്പെടുത്തുന്ന രാജയോഗ ചിത്ര പ്രദർശിനിയും ഇതോടനുബന്ധിച്ച് നടക്കും. ഫെബ്രുവരി എട്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പെരുങ്കളിയാട്ട സംഘാടക സമിതിയുടെ വളന്റിയർ കമ്മിറ്റി കൺവീനറുമായ എം.വി. അനിൽകുമാർ സഹസ്ര ജ്യോതിർലിംഗ ദർശനവും ചിത്രപ്രദർശിനിയും ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സെന്റർ ഇൻ ചാർജ് ബ്രഹ്മകുമാരി ആശ അധ്യക്ഷത വഹിക്കും. നീലേശ്വരം സെന്റർ ഇൻ ചാർജ് ബ്രഹ്മകുമാരി സുമയുടെ നേതൃത്വത്തിലാണ് ദർശന, പ്രദർശന പരിപാടികൾ. ജാതി മത ഭേദമില്ലാതെ ഏവർക്കും ജ്യോതിർലിംഗ ദർശനം നടത്താമെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു. പെരുങ്കളിയാട്ട സമാപന ദിവസമായ ഫെബ്രുവരി 11 വരെ പ്രദർശനം നീണ്ടു നിൽക്കും. രാവിലെ 7 മുതൽ രാത്രി 8 മണി വരെയാണ് പ്രദർശനം.
No comments