Breaking News

ഗ്രന്ഥശാലയിലെ പഴകിയ പുസ്തകങ്ങൾക്ക് പുതുജീവൻ നൽകി നീലേശ്വരം വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയത്തിലെ വനിതാവേദി

 ഗ്രന്ഥശാലയിലെ പഴകി പൊടിപിടിച്ച പുസ്തകങ്ങൾക്ക് പുതുജീവനേകി വനിതാവേദി പ്രവർത്തകർ.
നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയം ആവിഷ്‌കരിച്ച ബ്യൂട്ടി ക്രാഫ്റ്റ് പരിപാടിയിലാണ് വനിതാവേദി പ്രവർത്തകർ പഴയ പുസ്തകങ്ങൾക്ക് പുതുരൂപം നൽകിയത്. 2025 ജനുവരി 10 നാണ് വനിതാവേദി പ്രവർത്തകർക്കായി ബ്യൂട്ടിക്രാഫ്റ്റ് ഏകദിന ശിൽപശാല നടത്തിയത്. ബുക് സ്റ്റിച്ചിങ്, ബുക് ബയന്റിങ് എന്നിവയിൽ എൻ എം തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. 28 വനിതകൾ ശിൽപശാലയിൽ പങ്കെടുത്ത് പരിശീലനം നേടി.
ഇവർ അടുത്ത അഞ്ച് ദിവസം ഗ്രന്ഥശാലയിൽ ഒത്തുകൂടി പഴകി ദ്രവിച്ച് നൂല് പൊട്ടിയ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് തുന്നിച്ചേർത്ത് മനോഹരമായി ബയന്റ് ചെയ്‌തെടുത്തു. വനിതാവേദി സെക്രട്ടറി വി സുമതി, പ്രസീദ, ജയശ്രീ, കവിത, പ്രീതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. വായനശാല പ്രസിഡന്റ് പി സുരേഷ് കുമാർ, സെക്രട്ടറി ഇ വി കൃഷ്ണൻ എന്നിവർ ശിൽപശാലയ്ക്കും ഗ്രന്ഥാലയത്തിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി 

No comments