Breaking News

നീലേശ്വരം നഗരസഭയിലെ എല്ലാ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.

നീലേശ്വരം മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയിലെ സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ജൈവ മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കൽ, അജൈവ മാലിന്യ ശേഖരണത്തിന് ബിന്നുകൾ സ്ഥാപിക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, സൗന്ദര്യവല്ക്കരണം, ഹരിതനിയമങ്ങൾ പാലിക്കൽ, ശുചിത്വ പ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്തത്. നീലേശ്വരം നഗരസഭയിൽ 16 സംസ്ഥാന സർക്കാർ ഓഫീസുകൾ, 2 കേന്ദ്രസർക്കാർ ഓഫീസുകൾ, 7 ധനകാര്യ സ്ഥാപനങ്ങൾ (ബാങ്കുകൾ), 2 പൊതുമേഖലാ സ്ഥാപനങ്ങൾ, 5 സഹകരണ സ്ഥാപനങ്ങൾ, 6 സർക്കാർ ആശുപത്രികൾ, 5 കമ്മ്യൂണിറ്റി ഹാളുകൾ എന്നിങ്ങനെ 43 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നഗരസഭയിലെ 43 സ്ഥാപനങ്ങളിൽ 4 സ്ഥാപനങ്ങൾ A+ ഗ്രേഡും 39 സ്ഥാപനങ്ങൾ A ഗ്രേഡും കരസ്ഥമാക്കി. എല്ലാ സ്ഥാപനങ്ങളും A+, A ഗ്രേഡ് നേടിയ സാഹചര്യത്തിലാണ് പഞ്ചായത്തു തല ഹരിത സ്ഥാപനം പ്രഖ്യാപനം നടത്തുന്നത്. നിലവിലെ നേട്ടങ്ങൾ നിലനിർത്തിപ്പോകുന്നതിനും എല്ലാ സ്ഥാപനങ്ങളെയും A+ നിലവാരത്തിൽ എത്തിക്കുന്നതിനുമുള്ള പ്രോജക്ടുകൾ തദ്ദേശ സ്വയംഭരണതലത്തിൽ ഉണ്ടാക്കേണ്ടതിൻ്റെ ആവശ്യകത യോഗത്തിൽ ചർച്ച ചെയ്തു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി ഗൗരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത നഗരസഭയിലെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. അജൈവ മാലിന്യ ശേഖരണത്തിനുള്ള 2 വീതം ബിന്നുകളും ഹരിത നിർദ്ദേശകബോർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ ഹരിത സ്ഥാപനം പ്രഖ്യാപന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കൗൺസിലർമാരായ ഇ ഷജീർ , റഫീഖ് കോട്ടപ്പുറം, നഗരസഭാ സിക്രട്ടറി കെ മനോജ് കുമാർ എന്നിവർ ആശംസയർപ്പിച്ചു. കൗൺസിലർമാർ, സ്ഥാപന മേധാവികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത സ്വാഗതവും ക്ലീൻസിറ്റി മാനേജർ ഏ കെ പ്രകാശൻ നന്ദിയും പറഞ്ഞു.

No comments