Breaking News

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഫെസ്റ്റ് - പ്രദർശന വിപണന മേള ഫെബ്രുവരി 12 മുതൽ 24 വരെ കാലിക്കടവ് മൈതാനത്തിൽ

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ബ്ലോക്ക് ഫെസ്റ്റ് - പ്രദർശന വിപണന മേള ഫെബ്രുവരി 12 മുതൽ 24 വരെ കാലിക്കടവ് മൈതാനത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി 12ന് വൈകുന്നേരം 5 മണിക്ക് പ്രശസ്ത സിനിമാതാരം ജയസൂര്യ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പതിമൂന്ന് ദിവസം നിണ്ടുനിൽക്കുന്ന ബ്ലോക്ക് ഫെസ്റ്റിൽ വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെപ്പറ്റി പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള പവലിയനുകളും, വിൽപ്പന സ്റ്റാളുകളും ഒരുക്കും.അപൂർവങ്ങളായ കാർഷിക വിളകൾ,ഉൽപ്പന്നങ്ങൾ, പുത്തൻ തലമുറയ്ക്ക് പരിചിതമല്ലാത്ത പഴയകാല കാർഷിക ഉപകരണങ്ങൾ, പുരാവസ്‌തുക്കൾ എന്നിവ പ്രദർശനത്തിനായി ഒരുക്കും.

വിവിധ വിഷയങ്ങളിലെ വിദഗ്‌ധരുടെ നേത്യത്വത്തിൽ സെമിനാറുകൾ മേളയുടെ ഭാഗമായി നടത്തും.ആരോഗ്യവകുപ്പ് ഒരുക്കുന്ന പവലിയൻ വഴി ജീവിതശൈലി രോഗങ്ങളുടെ പരിശോധന സൗജന്യമായി നടത്തും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മാനസിക ഉല്ലാസം നൽകുന്ന അമ്യൂസ്മെന്റ് പാർക്ക്, ഗെയിംസ്,സംസാരിക്കുന്ന അമേരിക്കൻ പാവ, കുതിര സവാരി, ഒട്ടകസവാരി, രുചി വിഭവങ്ങൾ ഒരുക്കുന്ന ഫുഡ് കോർട്ട്, വിവിധ വകുപ്പുകളുടെ വിവിധങ്ങളായ ഉൽപ്പനങ്ങൾ, മോഡലുകൾ,സെൽഫി പോയിന്റ്,വാട്ടർ ഫൌണ്ടയിൻ എന്നിവ ഫെസ്റ്റിന്റെ ഭാഗമാകും . 
എല്ലാ ദിവസവും രാത്രി ഇശൽ സന്ധ്യ, മ്യൂസിക്കൽ ,ഗോത്ര കലാമേള,ഗസൽ സന്ധ്യ,മാപ്പിളപ്പാട്ട് തുടങ്ങിയ കലാ പരിപാടികളോടൊപ്പം കുടുംബശ്രീ കലാകാരികൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും മേളയിൽ നടക്കും. ഫെബ്രുവരി 16 ഞായർ വൈകുന്നേരം 6 മണി മുതൽ ഉത്തരമേഖലാ കൈകൊട്ടിക്കളി മത്സരം ഫെസ്റ്റിന്റെ ഭാഗമായി നടത്തും.ജൈവ കാർഷിക ഉൽപ്പന്നങ്ങൾ, പാലുൽപന്നങ്ങൾ, മധുരപലഹാരങ്ങൾ, കൈത്തറി കരകൌശല വസ്തു‌ക്കൾ, വസ്ത്രങ്ങൾ, ആദിവാസി ആയുർവേദ ചികിത്സ,ഇലക്ട്രോണിക്സ‌് ,കളിപ്പാട്ടങ്ങൾ തുടങ്ങി 
വിപുലമായ വില്പന, സേവന സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കും.

പത്ര സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ,സെക്രട്ടറി ടി രാകേഷ് ,പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്ന കുമാരി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ ലക്ഷ്മി,കെ അനിൽ കുമാർ ,എം സുമേഷ് ,
എം കുഞ്ഞിരാമൻ, സുജാത എം വി,ഷീബ പി ബി,ഗ്രാമ പഞ്ചായത്ത് മെമ്പർ വി പ്രദീപ്, ഹരിദാസ് എം വി, വിനയൻ മാസ്റ്റർ ഏച്ചിക്കൊവ്വൽ എന്നിവർ പങ്കെടുത്തു.

No comments