Breaking News

ഖൽബിലെ ബേക്കൽ ഹാപ്പിനസ് ഫെസ്റ്റ്ടൂറിസം കാർണിവലും പ്രവാസി നിക്ഷേപകസംഗമവും ഇന്നു മുതൽ ജനു.28 വരെ ബേക്കൽ ബീച്ചിൽ

കാസർകോട് ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ടൂറിസം കാർണിവലും പ്രവാസി നിക്ഷേപകസംഗമവും ഇന്ന് മുതൽ ജനുവരി 28 വരെ പള്ളിക്കരയിലെ ബേക്കൽ ബീച്ചിൽ നടക്കും.
ഖൽബിലെ ബേക്കൽ - ഹാപ്പിനെസ് ഫെസ്റ്റ് എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. പരിപാടിയുടെ ആദ്യദിനമായ ഇന്ന് ദേശീയബാലികാദിനം ആയതിനാൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ്, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം, ഇവർ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ എന്നിവയുണ്ടാകും.
 ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പോലീസ് മേധാവി ഡി ശിൽപ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ എസ് എൻ സരിത അധ്യക്ഷത വഹിക്കും. തുടർന്ന് 3. 30 വരെ പെൺകുട്ടികളുടെ രക്ഷിതാക്കൾക്കും 3. 30 മുതൽ അഞ്ച് വരെ പെൺകുട്ടികൾക്കുമുള്ള പരിശീലന ക്ലാസ്. ജെ സി ഐ ട്രെയിനർ വി വേണുഗോപാലൻ ക്ലാസ് എടുക്കും. ആറിന് അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികൾ നയിക്കുന്ന ഓർക്കസ്ട്ര. ഏഴിന് കണ്ണൂർ ഷെരീഫ്, സലിം, ഫാസില ബാബു എന്നിവരുടെ ഇശൽനൈറ്റ്. രാത്രി എട്ടിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഹാപ്പിനസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിക്കും.
ദേശീയ ടൂറിസം ദിനമായ നാളെ രാവിലെ 10 മുതൽ 12. 30 വരെ സ്ത്രീയാത്രികരുടെ വർത്തമാനം. സോളോ ട്രാവലർ ഗീതു മോഹൻദാസ് ചർച്ച നയിക്കും. യാത്രിക അഡ്വ എം ആശാലത, പൊതുപ്രവർത്തക സി എച്ച് സുബൈദ, കിറ്റ്‌സ് ട്രെയിനിങ് കോ- ഓർഡിനേറ്റർ സി പി ബീന എന്നിവർ സംബന്ധിക്കും. ഉച്ചയ്ക്ക് രണ്ടിന് ദേശീയ ടൂറിസം ദിനാഘോഷ പരിപാടികൾ മന്ത്രി വി അബ്ദുൽറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ച് മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്ക് അനുമോദനം, കലാപരിപാടികൾ എന്നിവയുണ്ടാകും.

No comments