കല്ലളൻ വൈദ്യർ സാംസ്‌കാരിക സമുച്ചയം നിർമിക്കുന്ന നീലേശ്വരം പാലായിയിലെ സ്ഥലം സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സന്ദർശിച്ചു
കല്ലളൻ വൈദ്യർ സാംസ്‌കാരിക സമുച്ചയം നിർമിക്കാനായി കണ്ടെത്തിയ നീലേശ്വരം പാലായിയിലെ സ്ഥലം എം രാജഗോപാലൻ എം എൽ എയ്ക്ക് ഒപ്പം സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു സന്ദർശിച്ചു.
പേരോൽ വില്ലേജിൽ പുത്തരിയടുക്കത്തെ ഇ എം എസ് സ്റ്റേഡിയത്തിന് സമീപത്തായാണ് സാംസ്‌കാരിക സമുച്ചയത്തിന് സ്ഥലം കണ്ടെത്തിയത്. റവന്യു വകുപ്പിൽ നിന്ന് ഈ സ്ഥലം സാംസ്‌കാരിക വകുപ്പിന് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എം എൽ എ അറിയിച്ചു. നീലേശ്വരം നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സനും വാർഡ് കൗൺസിലറും ആയ ടി പി ലത, മുൻ കൗൺസിലർ പി മനോഹരൻ എന്നിവരൂം സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു. കേരളനിയമസഭയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ നീലേശ്വരം ദ്വയാംഗമണ്ഡലത്തിലെ സംവരണ സീറ്റിൽ ഇ എം എസിന് ഒപ്പം മത്സരിച്ചാണ് കല്ലളൻ വൈദ്യർ എം എൽ എ ആയത്. വടക്കേ മലബാറിലെ അറിയപ്പെടുന്ന വിഷവൈദ്യനും കർഷകസംഘത്തിന്റെ സജീവപ്രവർത്തകനുമായിരുന്നു കല്ലളൻ വൈദ്യർ. ഇദ്ദേഹത്തിന് ഉചിതമായ സ്മാരകം എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തത്.
No comments