രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ വിധി നാളെ
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പെരിയ കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ വിധി നാളെ എറണാകുളത്തെ സി ബി ഐ കോടതി പ്രസ്താവിക്കാനിരിക്കെ ജില്ലയിലെങ്ങും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ മേൽനോട്ടത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങൾ. ഇന്നു ചേരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളും. കല്യോട്ട് പ്രദേശം ഉൾപ്പെടുന്ന പുല്ലൂർ- പെരിയ പഞ്ചായത്ത് കേന്ദ്രീകരിച്ചായിരിക്കും ക്രമീകരണങ്ങൾ. പെരിയ, കല്യോട്ട്, ഏച്ചിലടുക്ക പ്രദേശങ്ങൾ കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്താനുള്ള ആലോചനയും ഉണ്ടെന്നറിയുന്നു. 2019 ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പെരിയ തന്നിത്തോട്ട് തടഞ്ഞു വച്ച് ഒരു സംഘം സി പി എം പ്രവർത്തകർ ഇരുവരെയും വെട്ടിക്കൊന്നുവെന്നാണ് കേസ്.
ലോക്കൽ പോലീസും തുടർന്ന് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണ ചുമതല സി ബി ഐക്ക് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 14 പേരായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. സി പി എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ പീതാംബരൻ ആണ് കേസിലെ ഒന്നാം പ്രതി. തുടർന്നുണ്ടായ സി ബി ഐ അന്വേഷണത്തിൽ സി പി എം നേതാവായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ കൂടി പ്രതി ചേർത്തു. ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരൻ ഉൾപ്പെടെയുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
No comments