Breaking News

നീലേശ്വരം, കാഞ്ഞങ്ങാട് ബിഎസ്എൻഎലുകളിലെ ലക്ഷങ്ങൾ വില വരുന്ന ബാറ്ററിയും മോഷ്ടിച്ചത് കുപ്രസിദ്ധ അന്തർസംസ്ഥാന കുറ്റവാളി

നീലേശ്വരം, കാഞ്ഞങ്ങാട് ബിഎസ്എൻഎലുകളിലെ ലക്ഷങ്ങൾ വില വരുന്ന ബാറ്ററിയും അനുബന്ധ സാധനങ്ങളും മോഷ്ടിച്ചത് കുപ്രസിദ്ധ അന്തർസംസ്ഥാന കുറ്റവാളി തുരുത്തി മഠത്തിൽ മണി എന്ന ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ. മണി (55). ഏറ്റവും ഒടുവിൽ കാഞ്ഞങ്ങാട്ടെ
ബിഎസ്‌എൻഎൽ ഓഫീസിന്റെ പൂട്ട് തകർത്ത് സിസിടിവിയും ബാറ്ററികളും കവർന്ന കേസിലാണ് ഹൊസ്ദുർഗ് സിഐ, പി. അജിത് കുമാർ, എസ്ഐ, എൻ. അൻസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നീലേശ്വരം, ചീമേനി ബിഎസ്എൻഎലുകളിൽ കൂടി കവർച്ച നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു.
 കഴിഞ്ഞയാഴ്ച രാത്രിയിലാണ് പുതിയകോട്ടയിലെ ബി എസ്‌ എൻ എൽ ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്തുണ്ടായിരുന്ന സി സി ടി വിയും മൂന്ന് ബാറ്ററികളും കവർന്നത്.1,29,000 രൂപ യുടെ മുതലുകളാണ് മോഷണം പോയത്. ഓഫീസർ ടി.ഷിനീദിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അറസ്റ്റ്‌. നിരവധി കേസുകളിൽ പ്രതിയാണ് മണിയെന്ന് പൊലീസ് പറഞ്ഞു. നീലേശ്വരത്തും ചീമേനിയിലും സമാന രീതിയിൽ ബി എസ്‌ എൻ എൽ ബാറ്ററികൾ കവർന്നത് മണിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പ്രതിയെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.

No comments