നീലേശ്വരം നഗരസഭയിൽ തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു.
നീലേശ്വരം നഗരസഭയിൽ സമ്പൂർണ്ണ പേവിഷ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി തെരുവുനായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. നഗരസഭയുടെ 2024 25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പേ വിഷബാധ പ്രതിരോധ തീവ്രയജ്ഞ പരിപാടി, നീലേശ്വരം നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. നായ്ക്കൾ കൂടുതലുള്ള സ്ഥലങ്ങളെ ഹോട്ട്സ്പോട്ട് ആയി കണക്കാക്കി അത്തരം സ്ഥലങ്ങളിൽ പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരെ ഉപയോഗിച്ച് പിടിക്കുന്ന തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി തിരിച്ചറിയുന്നതിനായി പെയിന്റ് ചെയ്തു വിടുകയാണ് ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച .സ്മിത കെ മനോജിന്റെ നേതൃത്വത്തിലുള്ള കോട്ടയം ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ദൗത്യസംഘമാണ് പ്രതിരോധ കുത്തിവെപ്പിനായി നായകളെ പിടിച്ചു നൽകുന്നത്.
നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ മോഹനൻ,നഗരസഭ സെക്രട്ടറി കെ മനോജ് കുമാർ, സീനിയർ വെറ്റിനറി സർജൻ ഡോ:പി ആശ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പ്രദീപ്കുമാർ, ക്ലീൻ സിറ്റി മാനേജർ പ്രകാശൻ എ കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
No comments