Breaking News

മതമൈത്രിയുടെ സ്‌നേഹപ്പൂക്കള്‍....!വീട്ടുപറമ്പില്‍ വിളവെടുത്ത ചെണ്ടുമല്ലിപ്പൂക്കള്‍ ക്ഷേത്രങ്ങള്‍ക്ക്‌ കൈമാറി ഇ.കെ.കെ.പടന്നക്കാടും കുടുംബവും

മതമൈത്രിയുടെ സ്‌നേഹപ്പൂക്കള്‍ ക്ഷേത്രങ്ങള്‍ക്ക്‌ കൈമാറി കാഞ്ഞങ്ങാട്‌ നഗരസഭ മുന്‍ കൗണ്‍സിലര്‍ ഇ.കെ.കെ.പടന്നക്കാടും കുടുംബവും.വീട്ടുപറമ്പില്‍ വിളയിച്ചെടുത്ത ചെണ്ടുമല്ലി പൂക്കളാണ്‌ ഇവര്‍ ക്ഷേത്രങ്ങള്‍ക്ക്‌ നല്‍കിയത്‌. നവരാത്രി ആഘോഷം നടന്നു വരുന്ന ഹൊസ്‌ദുര്‍ഗ്‌ മാരിയമ്മന്‍ ക്ഷേത്രം, ദേവീഭാഗവത നവാഹയജ്ഞം നടന്നു വരുന്ന വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ്‌ പൂക്കള്‍ നല്‍കിയത്‌. ഹൊസ്‌ദുര്‍ഗ്‌ മാര്‍ക്കറ്റിലെ പച്ചക്കറി സണ്‍സ്‌ ഉടമ എച്ച്‌.ഗുരുദത്ത്‌ പൈ മുഖേനയാണ്‌ മാരിയമ്മന്‍ ക്ഷേത്രത്തില്‍ പൂക്കള്‍ എത്തിച്ചത്‌. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍, സഹഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി.വെള്ളൂട ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലേക്കുള്ള പൂക്കള്‍ ക്ഷേത്രം രക്ഷാധികാരി എം.ശങ്കരന്‍ നമ്പൂതിരി ഏറ്റുവാങ്ങി. ഇ.കെ.കെയുടെ സഹോദരന്‍ പ്രവാസിയായ ഇ.കെ.അബ്ദുല്ലയുടെ 10 സെന്റ്‌ സ്ഥലത്താണ്‌ ചെണ്ടുമല്ലി കൃഷിയിറക്കിയത്‌. അബ്ദുല്ല കോയമ്പത്തൂരില്‍ നിന്നാണ്‌ ചെണ്ടുമല്ലി വിത്തുകള്‍ കൊണ്ടുവന്നത്‌. ഓണത്തിന്‌ വിളവെടുത്ത പൂക്കള്‍ വീടിനു സമീപത്തെ സഹോദര സമുദായാംഗങ്ങള്‍ക്ക്‌ പൂക്കളമൊരുക്കാനായും ഇവര്‍ നല്‍കിയിരുന്നു.

No comments