Breaking News

ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം പള്ളിക്കര കോസ്‌മോസ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഓവറോള്‍ ചാമ്പ്യന്മാരായി.

രണ്ട്‌ ദിവസങ്ങളിലായി നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ്‌ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ നീലേശ്വരം പള്ളിക്കര കോസ്‌മോസ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഓവറോള്‍ ചാമ്പ്യന്മാരായി.
206 പോയിന്റാണ്‌ ഇവര്‍ നേടിയത്‌. 147 പോയിന്റോടെ കാസര്‍കോട്‌ പെര്‍ളടുക്ക എംപി.ഇന്റര്‍നാഷനല്‍ സ്‌കൂള്‍ രണ്ടാംസ്ഥാനവും 117 പോയിന്റ്‌ നേടിയ വെള്ളരിക്കുണ്ട്‌ സെന്റ്‌ എലിസബത്ത്‌ കോണ്‍വെന്റ്‌ മൂന്നാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ നേടിയ 154 പോയിന്റാണ്‌ കോസ്‌മോസിന്റെ വിജയത്തിന്‌ അടിസ്ഥാനമിട്ടത്‌. പെര്‍ളടുക്ക എംപി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഈ വിഭാഗത്തില്‍ 85 പോയിന്റും വെള്ളരിക്കുണ്ട്‌ സെന്റ്‌ എലിസബത്ത്‌ കോണ്‍വന്റ്‌ സ്‌കൂള്‍ 66 പോയിന്റും നേടി. ജൂനിയര്‍ വിഭാഗത്തില്‍ 62 പോയിന്റോടെ എംപി ഇന്റര്‍നാഷനല്‍ സ്‌കൂളിനാണ്‌ ഒന്നാംസ്ഥാനം. 52 പോയിന്റുമായി നീലേശ്വരം കോസ്‌മോസ്‌, 51 പോയിന്റ്‌ നേടിയ വെള്ളരിക്കുണ്ട്‌ സെന്റ്‌ എലിസബത്ത്‌ കോണ്‍വന്റ്‌ സ്‌കൂള്‍ എന്നിവരാണ്‌ രണ്ടും മൂന്നുംസ്ഥാനങ്ങളില്‍. ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക്‌ ജില്ലാ അത്‌ ലറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി പി.ഗോപാലകൃഷ്‌ണന്‍ ട്രോഫി സമ്മാനിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും ഇദ്ദേഹം നിര്‍വഹിച്ചു. അസോസിയേഷന്‍ ട്രഷറര്‍ ടി.ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനാർദ്ദനൻ അച്ചാംതുരുത്തി സംസാരിച്ചു. രാജു നിടുങ്കണ്ട സ്വാഗതവും അസോസിയേഷന്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി.വി.ഗോപാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

No comments