Breaking News

അമൃതം പ്രമോദം നവംബർ 2, 3 നീലേശ്വരത്ത്

വാദ്യകലയിൽ 40 വർഷം പൂർത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാർക്ക് ശിഷ്യന്മാരും സുഹൃത്തുക്കളും നീലേശ്വരം പൗരാവലിയും ചേർന്ന് വീരശൃംഖല നൽകി ആദരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 2, 3 നീലേശ്വരം പാലസ് ഗ്രൗണ്ടിൽ നടക്കുന്ന അമൃതം പ്രമോദം പരിപാടിയിൽ വ്യത്യസ്‌തങ്ങളായ നിരവധി പരിപാടികൾ നടക്കും. 2ന് രാവിലെ പത്തോളം മത്സരാർഥികൾ പങ്കെടുക്കുന്ന അഖില കേരള തായമ്പക മത്സരം. പ്രശസ്ത‌ വാദ്യകലാകാരൻ പനമണ്ണ ശശി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ദേശീയ വാദ്യകലാ സെമിനാറിൽ പ്രശസ്‌ത നിരൂപകൻ ഡോ. എൻ പി വിജയകൃഷ്‌ണൻ വിഷയാവതരണം നടത്തും. വൈകിട്ട് 5 30ന് മാവേലിക്കര അഖിൽ കൃഷ്‌ണയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ റിഥം ഓഫ് വിൻഡ് അരങ്ങേറും. തുടർന്ന് പ്രശസ്‌ത സിനിമാതാരം രചന നാരായണൻകുട്ടി കൂച്ചിപ്പുടി നട്ടുവമേള നൃത്തസന്ധ്യ അവതരിപ്പിക്കും. നവംബർ 3ന് രാവിലെ ദീപ പ്രോജ്ജ്വലനത്തിന് ശേഷം പ്രഗത്ഭ വാദ്യകലാകാരന്മാർ ഇരട്ടക്കേളി അവതരിപ്പിക്കും. തുടർന്ന് പ്രശസ്ത സോപാന സംഗീതഞ്ജൻ അമ്പലപ്പുഴ വിജയകുമാർ സോപാന സംഗീതം അവതരിപ്പിക്കും. തുടർന്ന് ഗുരുവന്ദനം. ഉച്ചയ്ക്ക് ശേഷം നീലേശ്വരം പ്രമോദ് മാരാരുടെ പ്രമാണത്തിൽ 50 ഓളം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം. ശേഷം പ്രമോദ് മാരാരേയും വിശിഷ്ട വ്യക്തികളെയും തളിയിൽ ക്ഷേത്ര പരിസരത്ത് നിന്നും അമൃതം പ്രമോദം വേദിയിലേക്ക് ആനയിച്ചു സ്വീകരണ ഘോഷയാത്ര നടക്കും. തുടർന്ന് നടക്കുന്ന സമാദരണ സദസ്സ് തുറമുഖം, മ്യൂസിയം, പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. അമൃതം പ്രമോദം സംഘാടക സമിതി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനാവും. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ഡോ. കെ വി രാജേഷ് കക്കാട്ട് വീരശൃംഖല സ്വീകർത്താവിനെ പരിചയപ്പെടുത്തും. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രമോദ് മാരാരെ പൊന്നാട അണിയിക്കും. വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ, പുഷ്‌പഹാര സമർപ്പണവും നീലേശ്വരം നഗരസഭാ ചെയർപേർസൺ ടി.വി ശാന്ത കീർത്തിപത്ര സമർപ്പണവും കെ.സി മാനവർമ്മരാജ കീർത്തിഫലക സമർപ്പണവും നിർവ്വഹിക്കും. തുടർന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ തുടങ്ങിയവർ ചേർന്ന് പ്രമോദ് മാരാർക്ക് വീരശൃംഖല സമർപ്പിക്കും. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അന്തിക്കാട് പത്മനാഭൻ, മട്ടന്നൂർ ശിവരാമ മാരാർ, മഡിയൻ രാധാകൃഷ്‌ണ് മാരാർ, തൃക്കരിപ്പൂർ രാമകൃഷ്‌ണ മാരാർ, ചെറുതാഴം ചന്ദ്രൻ മാരാർ, ഹരിദാസ് ചെർപ്പുളശ്ശേരി, കെ വി വിനോദ്, കെ നാരായണ മാരാർ, നഗരസഭ കൗൺസിലർമാരായ പി ബിന്ദു, ടി വി ഷീബ തുടങ്ങിയവർ സംസാരിക്കും. സംഘാടക സമിതി ജനറൽ കൺവീനർ നീലേശ്വരം ഉണ്ണിക്കൃഷ്‌ണൻ സ്വാഗതവും മണികണ്‌ഠൻ ഉപ്പിലിക്കൈ നന്ദിയും പറയും. തുടർന്ന് മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് തുടങ്ങിയവർ അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക നടക്കും. വാർത്ത സമ്മേനത്തിൽ സംഘാടകസമിതി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, വർക്കിംഗ് ചെയർമാൻ ഡോ. കെ വി രാജേഷ്, മണികണ്ഠൻ ഉപ്പിലിക്കൈ, വിജയകുമാർ ചെറുവത്തൂർ, പി വി ശിവരാമൻ, സേതു ബങ്കളം, സഞ്ജയ് കെ വി എന്നിവർ പങ്കെടുത്തു.

No comments