നീലേശ്വരം ഇരുട്ടിൽ; റോഡിൽ നിറയെ കുഴികൾ: നഗരസഭാ കവാടത്തിൽ കുത്തിയിരിപ്പ് സമരം നടത്താൻ യുഡിഎഫ്
തെരുവു വിളക്കുകൾ കത്താതെ നീലേശ്വരം നഗരസഭാ പ്രദേശങ്ങൾ ഏതാണ്ട് ഇരുട്ടിലായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നുവെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരത്തിന്.നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് കുത്തിയിരിപ്പ് സമരം നടത്തുക. നഗരസഭയിലെ ഏതാണ്ടെല്ലാ വാർഡുകളിലും കൺചിമ്മിക്കിടക്കുന്ന തെരുവു വിളക്കുകൾ പ്രകാശിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നിരവധി തവണ കൗൺസിൽ യോഗങ്ങളിൽ ഉന്നയിച്ചിട്ടും അനക്കമില്ലാത്തതിനെ തുടർന്നു വാർഡുകൾ തോറും സമരം നടത്തിയിട്ടും ഫലമില്ലെന്നു വന്നതോടെയാണ് പ്രത്യക്ഷസമരത്തിനൊരുങ്ങുന്നതെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ, ഡെപ്യൂട്ടി ലീഡർ റഫീഖ് കോട്ടപ്പുറം എന്നിവർ അറിയിച്ചു. തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കുക, അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾക്ക് ഒപ്പം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുകയെന്ന മുദ്രാവാക്യവും യുഡിഎഫ് ഉയർത്തുന്നു. അധികൃതർ അനങ്ങാപ്പാറ നയവും ചിറ്റമ്മ നയവും തുടരുകയാണെന്നും കുറ്റപ്പെടുത്തുന്നു. നീലേശ്വരത്തെ ഇരുട്ടിലാക്കുന്ന നടപടി അവസാനിപ്പിക്കും വരെ സമരം തുടരാനാണു തീരുമാനമെന്നും ഇവർ പറഞ്ഞു.
No comments