Breaking News

മടിക്കൈ പഞ്ചായത്തിൽ ചെങ്കല്ലറകളും കൽവൃത്തവും കണ്ടെത്തി

മടിക്കൈ ഗ്രാമ പഞ്ചായത്തിലെ കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രപരിസരത്തും കുരങ്ങനാടിയിലുമായി മഹാശിലാ കാലഘട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകൾ കണ്ടെത്തി. അട്ടക്കാട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് നിർമ്മിച്ച കോൺക്രീറ്റ് റോഡിൻ്റെ സമീപത്ത് റോഡ് നിർമ്മാണത്തിനിടയിൽ പകുതി ഭാഗം തകർക്കപ്പെട്ട നിലയിലാണ് ചെങ്കല്ലറകൾ ഉള്ളത്. മഹാ ശിലാ കാലഘട്ടത്തിലേതെന്നു കരുതുന്ന കൽവൃത്തവും സമീപത്തായുണ്ട്. കുരങ്ങനാടിയിൽ സ്വകാര്യ പറമ്പിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. കുരങ്ങനാടിയിൽ കണ്ടെത്തിയ ചെങ്കല്ലറയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് ചെങ്കല്ലറയിലേക്ക് കടക്കുവാനുള്ള കവാടവുമുണ്ട്. പ്രാദേശിക പുരവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് ഗുഹാ ഭാഗങ്ങൾ കണ്ടെത്തിയത്.വിവരമറിഞ്ഞ് സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്രാധ്യാപകനുമായ ഡോ.നന്ദകുമാർ കോറോത്ത് കണ്ടെത്തിയ ഗുഹകൾ രണ്ടായിരം വർഷം മുമ്പ് നിലനിന്നിരുന്ന മഹാ ശിലാ കാലഘട്ടത്തിലെ സ്മാരകങ്ങളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു. വിശ്വാസത്തിൻ്റെ ഭാഗമായി മൺപാത്രങ്ങളും ഇരുമ്പായുധങ്ങളുമാണ് ചെങ്കല്ലറയിൽ നിക്ഷേപിക്കാറുള്ളത്.

No comments