നീലേശ്വരത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ മുൻ എംഎൽഎ, കെ.പി.കുഞ്ഞിക്കണ്ണന് വാരിയെല്ലിൽ ക്ഷതം: അപകടമുഖത്ത് രക്ഷകനായത് മുൻ എംപി, പി.കരുണാകരന്റെ ഡ്രൈവർ സുരേന്ദ്രൻ
ദേശീയപാതയിലെ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിനു സമീപം വാഹനാപകടത്തില്‍ പെട്ട മുന്‍ എംഎല്‍എയും കെപിസിസി അംഗവുമായ കെ.പി.കുഞ്ഞിക്കണ്ണന്റെ വാരിയെല്ലിനു ക്ഷതം.
തുടര്‍ന്ന് കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇദ്ദേഹം. വൈകുന്നേരമായിരുന്നു അപകടം.
ഡിസിസിയുടെ പരിപാടി കഴിഞ്ഞ് പയ്യന്നൂരിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിര്‍വശത്തു നിന്നു വന്ന ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കാനായി ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ ദേശീയപാത നിര്‍മാണ സൈറ്റിലെ കോണ്‍ക്രീറ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഒരു ഭാഗം തകര്‍ന്നു. തത്സമയം കാറില്‍ ഇതുവഴി വന്ന കാസര്‍കോട് മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി.കരുണാകരന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ പുല്ലൂര്‍ പൊള്ളക്കടയിലെ ഇ.വി.സുരേന്ദ്രനാണ് ഇദ്ദേഹത്തിന് രക്ഷകനായത്. കെ.പി.കുഞ്ഞിക്കണ്ണനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചതും ഡിസിസി ഓഫീസിലും കെപിസിസി അംഗം ഹക്കീം കുന്നില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ വിവമറിയിച്ചതും ഇദ്ദേഹമാണ്. വിവരമറിഞ്ഞതോടെ കെപിസിസി സെക്രട്ടറി എം.അസിനാര്‍, നീലേശ്വരം നഗരസഭ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ഷജീര്‍ എന്നിവര്‍ ആശുപത്രിയിലെത്തി. കടുത്ത വേദനയുണ്ടായിരുന്നതിനാല്‍ കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റിയിലേക്ക് മാറ്റി. വാരിയെല്ലിന് പൊട്ടല്‍ ഉള്ളതായി സ്‌കാനിങ്ങില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇവിടെ അഡ്‌മിറ്റ് ചെയ്യുകയായിരുന്നു. ക്ഷതം പരിഹരിക്കാൻ ബെൽറ്റ് ഇട്ട് നാളെ ആശുപത്രി വിടുമെന്നറിയുന്നു.
No comments