നീലേശ്വരം നഗരസഭയ്‌ക്കു മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയത് നഗരസഭയില്‍ പ്രതിപക്ഷമുണ്ടെന്നറിയിക്കാനുള്ള രാഷ്ട്രീയനാടകം: നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത
നീലേശ്വരം നഗരസഭയില്‍ ഒരു പ്രതിപക്ഷമുണ്ടെന്നു നാട്ടുകാരെ വിളിച്ചറിയിക്കാനുള്ള രാഷ്ട്രീയനാടകം മാത്രമാണ് നഗരസഭാ മന്ദിരത്തിനു മുന്നില്‍ ഇന്നു പ്രതിപക്ഷം നടത്തിയ ധര്‍ണാസമരമെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത കുറ്റപ്പെടുത്തി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ ജനം അര്‍ഹിക്കുന്ന പരിഹാസത്തോടെ തള്ളിക്കളയുമെന്നും കൂട്ടിച്ചേര്‍ത്തു. നഗരത്തിന്റെ വികസനക്കുതിപ്പിനുതകുന്ന വിവിധ പദ്ധതികളാണ് നീലേശ്വരം നഗരസഭാ പരിധിയില്‍ ഇതിനകം യാഥാര്‍ത്ഥ്യമായത്. വലിയ വലിയ എത്രയോ പദ്ധതികള്‍ നിര്‍മാണ ദശയിലുമാണ്.
രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെയാണ് നഗരസഭയിൽ വികസനം നടപ്പാക്കി വരുന്നത്. തീരദേശ മേഖലയിലുൾപ്പെടെ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ വാർഡുകളിൽ പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന്റെയും നിലവിലുള്ള തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെയും പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരികയാണ് . കാലവർഷക്കെടുതിയുടെ ഭാഗമായി കുറച്ചധികം ബൾബുകൾ ഒരുമിച്ച് തകരാറിലായത് പ്രയാസം സൃഷ്ടിച്ചെങ്കിലും മുന്നൂറോളം പുതിയ ഓട്ടോമാറ്റിക് ബൾബുകളും മുപ്പതോളം മിനിമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചുവരികയാണ്. പ്രവൃത്തിയുടെ മുക്കാൽ പങ്കും പൂർത്തിയാക്കി അവശേഷിക്കുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കെ,
തങ്ങൾ സമരം നടത്തിയതുകൊണ്ടാണ് പദ്ധതികൾ നടപ്പാവുന്നത് എന്നു വരുത്തിത്തീർക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉന്നം. ഏത് പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും, ഏത് പദ്ധതി പൂർത്തീകരിക്കുമ്പോഴും തൊട്ടുമുമ്പ് ഒരു സമരം സംഘടിപ്പിച്ച് ചുളുവിൽ ക്രെഡിറ്റ് നേടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിൻ്റേത്.
നഗരത്തിലെ വിവിധ വാർഡുകളിലെ പ്രധാനപ്പെട്ട മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണ്'.
രാജാ റോഡ് വികസനം നഗരസഭ നേരിട്ട് നടപ്പാക്കുന്നതല്ലെങ്കിലും അതിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കപ്പെടുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായുള്ള വാല്യുവേഷൻ പൂർത്തിയായി.
നഗരസഭയുടെ പദ്ധതി വിഹിതത്തിന് പുറമേ കൃത്യമായ ഇടപെടലുകളിലൂടെ സർക്കാരിൻ്റെ വിവിധഫണ്ടുകളും നമുക്ക് ലഭ്യമാക്കാൻ സാധിച്ചു.
കച്ചേരിക്കടവ് പാലത്തിൻ്റെയും മാട്ടുമ്മൽ _കടിഞ്ഞിമൂല പാലത്തിന്റെയും
നിർമ്മാണം പുരോഗതിയിലാണ്. നിർദിഷ്ട തീരദേശപാത പദ്ധതി വലിയ പ്രതീക്ഷയാണ് നീലേശ്വരത്തെ തീരമേഖലയ്ക്ക് നൽകിയിട്ടുള്ളത്. തീരദേശത്തെ അവഗണിക്കുന്നു എന്ന് മുറവിളിക്കുന്നവർ ഇത്തരം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണം. നഗരസഭയുടെ സമഗ്ര വികസനത്തിന് അടിത്തറയിടുന്ന പദ്ധതികൾ ആസൂത്രണത്തോടെ നടപ്പാക്കി വരുമ്പോൾ ഒപ്പം നിൽക്കുന്നതിനു പകരം വികസനത്തിന് തുരങ്കം വയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ നഗരത്തിൻറെ വികസനം ലക്ഷ്യത്തിലെത്തുകയുള്ളൂ എന്നും ടി. വി ശാന്ത കൂട്ടിച്ചേർത്തു.
No comments