സ്കൂളുകളിൽ ഓർഗാനിക്ക് കിച്ചൻ ഗാർഡൻ പച്ചക്കറി കൃഷി മത്സരവുമായി ചോയ്യങ്കോട് ലയൺസ് ക്ലബ്.
വിദ്യാഭ്യാസത്തോടൊപ്പം ഭാവി തലമുറയെ കൃഷിയുടെ ഭാഗമാക്കുന്നതിനും വിഷ രഹിത പച്ചക്കറികള്‍ കുട്ടികളുടെ കൂട്ടായ്മയിൽ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നതിനും, കുട്ടികളില്‍ കൃഷിയോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കുന്നതിനുമായി സ്കൂളുകളിൽ ഓർഗാനിക്ക് കിച്ചൻ ഗാർഡൻ പച്ചക്കറി കൃഷി മത്സരവുമായി ചോയ്യങ്കോട് ലയൺസ് ക്ലബ്.
ഹോസ്ദുര്‍ഗ്ഗ്, ചായ്യോത്ത്, മലപ്പച്ചേരി, ആലമ്പാടി, കിനാനൂര്‍, കീഴ്മാല എന്നീ തെരഞ്ഞെടുത്ത 5 സ്‌കൂളുകളിലാണ് പെരിയ അഗ്രോ സര്‍വ്വീസ് സെന്ററുമായി സഹകരിച്ച് മത്സരം നടത്തുന്നത്.
വെണ്ട, വഴുതിന, പയര്‍, തക്കാളി, മുളക് എന്നീ 5 ഇനങ്ങളിലായുള്ള നൂറോളം തൈകളാണ് ഓരോ സ്‌കൂളിലും കുട്ടികള്‍ക്ക് നൽകുകയും. ക്ലബ്ബ് അംഗങ്ങളുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും കൃഷിക്കാരുടെയും നിര്‍ദ്ദേശ പ്രകാരം അധ്യാപകരുടെ സഹായത്താല്‍ കുട്ടികള്‍ സ്‌കൂളില്‍ കൃഷി ചെയ്ത് മികച്ച വിളവ് ലഭിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു അധ്യായന വര്‍ഷം മുഴുവന്‍ കൃഷി മത്സരം നടക്കും.
ഓരോ മാസവും കൃത്യമായ വിലയിരുത്തലുമുണ്ടാകും. പദ്ധതിയുടെ ഉദ്ഘാടനം ഹോസ്ദുര്‍ഗ്ഗ് സ്‌കൂളില്‍ സീനിയർ അസിസ്റ്റന്റ് പി സംഗീത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രഞ്ജിരാജ് കരിന്തളം അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോഡിനേറ്ററും കൃഷി ഓഫീസറും ആയ സി പ്രമോദ് പദ്ധതി വിശദീകരണം നടത്തി. പെരിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ വൈസ് പ്രസിഡണ്ട് രവി നെട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ്ബ് അംഗം രാഗേഷ് ക്ലാസ്സിക്, അധ്യാപകരായ പി വഹീദത്ത്, ടി ടി വി സിന്ധു, ടി വി വിദ്യ, വി സൗരഭ എന്നിവര്‍ സംസാരിച്ചു. ചോയ്യങ്കോട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അനീഷ് ചായ്യോത്ത് സ്വാഗതവും, ഒ രാജേഷ് നന്ദിയും പറഞ്ഞു.
No comments