Breaking News

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിക്കുന്ന അടിപാതയുടെ വീതി 7.4 മീറ്റർ ആകുമെന്ന് സൂചന

ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ്‌ ജങ്‌ഷനില്‍ 4 മീറ്റര്‍ വീതിയില്‍ നിര്‍മിച്ചു വരുന്ന അടിപ്പാതയുടെ വീതി 7.4 മീറ്റര്‍ ആയി വര്‍ധിക്കുമെന്നു സൂചന.
ചുരുങ്ങിയത്‌ 6 മീറ്റര്‍ എങ്കിലുമായി അടിപ്പാതയുടെ വീതിയും ഉയരവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നേരിട്ടും നഗരസഭ യുഡിഎഫ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ഷജീര്‍ ഇമെയിലിലും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിക്ക്‌ നിവേദനം നല്‍കിയിരുന്നു. നീലേശ്വരം മുന്‍സിപ്പല്‍ മുസ്ലിം ലീഗ്‌ സെക്രട്ടറി അഡ്വ.കെ.പി.നസീര്‍ 6 മീറ്റര്‍ ആവശ്യപ്പെട്ട്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കുകയുമുണ്ടായി. നേരത്തെ സ്ഥലം സന്ദര്‍ശിച്ച ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരോട്‌ എം.രാജഗോപാലന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നീലേശ്വരം നഗരസഭ അധികൃതരും ഇക്കാര്യം ഉന്നയിച്ചിരുന്നു. നഗരസഭ നേതൃത്വം നല്‍കിയ സര്‍വകക്ഷി നിവേദകസംഘവും ഇക്കാര്യത്തിനായി വിവിധ തലങ്ങളില്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെ അനുവദിച്ച എംബാങ്ക്‌ഡ്‌ ബ്രിഡ്‌ജിനു പകരം എലവേറ്റഡ്‌ ബ്രിഡ്‌ജ്‌ ആവശ്യപ്പെട്ട്‌ നേരത്തെ തന്നെ യുഡിഎഫ്‌ കര്‍മസമിതിയും നഗരസഭ നേതൃത്വം നല്‍കിയ സര്‍വകക്ഷി കര്‍മസമിതിയും സമരങ്ങളും പഞ്ചദിന സത്യാഗ്രഹം ഉള്‍പ്പെടെയും നടത്തിയിരുന്നു. എന്നാല്‍ എംബാങ്ക്‌ഡ്‌ ബ്രിഡ്‌ജിന്റെ പണി തുടങ്ങിയതോടെ നിരാശയിലായ നീലേശ്വരത്തിന്‌ മാര്‍ക്കറ്റ്‌ ജങ്‌ഷനിലെ അടിപ്പാതയുടെ വീതി മൂന്നില്‍ നിന്ന്‌ നാല്‌ മീറ്റര്‍ ആക്കിയതു തന്നെ ആശ്വാസം പകര്‍ന്നിരുന്നു. 6 മീറ്റര്‍ ആവശ്യപ്പെട്ടിടത്ത്‌ 7.4 മീറ്റര്‍ വരെ വീതിയില്‍ അടിപ്പാത കിട്ടുന്നതോടെ മാര്‍ക്കറ്റ്‌ ജങ്‌ഷന്‍ ഇല്ലാതാകുമെന്ന ആശങ്കയ്‌ക്കു വിരാമമാകും. ദേശീയപാതയില്‍ നിന്നു രാജാറോഡിലേക്കുള്ള ഗതാഗതപ്രതിസന്ധിയും പരിഹരിക്കപ്പെടും. വീതി കൂട്ടുന്നത്‌ സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പുകളൊന്നും വന്നിട്ടില്ലെങ്കിലും 4 മീറ്ററില്‍ ഇവിടെ നടത്തി വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിട്ടുണ്ട്‌.

No comments