നീലേശ്വരം നഗരസഭ 28-ാം വാർഡ് സഭയിലെ ചർച്ചകളിൽ നിറഞ്ഞ് ഹോമിയോ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, തെരുവുവിളക്ക്.
നീലേശ്വരം നഗരസഭ 28-ാം വാർഡ് സഭയിലെ ചർച്ചകളിൽ നിറഞ്ഞ് ഹോമിയോ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, തെരുവുവിളക്ക്.
തൈക്കടപ്പുറം സീറോഡ് വാർഡ് സഭാ യോഗത്തിൽ ജനജീവിതത്തെ ബാധിക്കുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉയർത്തി സജീവ ചർച്ച.
ഗവ. ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന് സ്ഥലം അനുവദിച്ച് നാളുകളായിട്ടും നിർമാണം തുടങ്ങാത്തത് രൂക്ഷമായി വിമർശിക്കപ്പെട്ടു. തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം ഇനിയും പ്രവർത്തന സജ്ജമാകാത്തതും പഴയ കെട്ടിടം പൊളിച്ചു നീക്കാത്തതും മറ്റു ശോചനീയാവസ്ഥകളുമെല്ലാം വിമർശന വിധേയമായി. പുതിയ കെട്ടിടത്തിൽ സ്ഥാപിച്ച ജനറേറ്റർ, എസി, അനുബന്ധ സംവിധാനങ്ങൾ എല്ലാം ഉപയോഗശൂന്യമായി തുരുമ്പെടുക്കുന്നതും ചർച്ചയായി. വാർഡ് പരിധിയിലെ കത്താത്ത തെരുവു വിളക്കുകൾ, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ, ഇതുവഴിയുള്ള ദുരിതയാത്ര എന്നിവയെല്ലാം ചൂടേറിയ ചർച്ച ഉയർത്തി. തൈക്കടപ്പുറം പാലിച്ചോൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ പി.ഭാർഗവി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അൻവർ സാദിഖ് സ്വാഗതം പറഞ്ഞു. അഡ്വ.കെ.പി. നസീർ, എം.വി. ഗംഗാധരൻ, എ.അസീസ് ഹാജി, കെ.വി.പി.അഷ്റഫ്, മിനി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. വാർഡ് സഭ കോ-ഓർഡിനേറ്റർ രചന, അമ്പൂഞ്ഞി മാസ്റ്റർ എന്നിവർ സംസാരിച്ചു.
No comments