നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ കുട്ടികൾ ക്ലാസ് ഒഴിവ് വേളയിൽ ഒരു രസത്തിന് വേണ്ടി ചെയ്ത വാർത്താവതരണം സാമൂഹ്യ - ദൃശ്യമാധ്യമങ്ങളിലൂടെ വൈറൽ ആയി.
നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ കുട്ടികൾ ക്ലാസ് ഒഴിവ് വേളയിൽ ഒരു രസത്തിന് വേണ്ടി ചെയ്ത വാർത്താവതരണം സാമൂഹ്യ - ദൃശ്യമാധ്യമങ്ങളിലൂടെ വൈറൽ ആയി. ഒടുവിലത് സ്കൂളിന് സ്വന്തമായി വാർത്താ ചാനൽ തുടങ്ങുന്നതിൽ കലാശിച്ചു. ആറാം തരത്തിൽ പഠിക്കുന്ന ആർദ്ര.കെ.വിനോദ് (ഒഴിഞ്ഞവളപ്പ്), ആരാധ്യ.എ.വി. (തൈക്കടപ്പുറം) ആരാധ്യ. എ. (തൈക്കടപ്പുറം)
ശ്രീലക്ഷ്മി.കെ.വി. (തൈക്കടപ്പുറം), ഷിൽന ഷാജി (കൊട്രച്ചാൽ), നിഹാര.കെ.വി. (തൈക്കടപ്പുറം) ഷാരോൺ ഷാജി (തൈക്കടപ്പുറം), തേജൽ കൃഷ്ണ (ഒഴിഞ്ഞ വളപ്പ്) തുടങ്ങിയ കുട്ടികളാണ് കുടിവെള്ളക്കുപ്പി മൈക്കായി ഉപയോഗിച്ച് വാർത്താ വായന നടത്തിയത്. ഇത് ശ്രദ്ധയിൽ പെട്ട സ്കൂൾ അധ്യാപകൻ പുഷ്പരാജൻ മാസ്റ്റർ അവതരണം വീഡിയോയിൽ പകർത്തി സ്കൂൾ ഗ്രൂപ്പിൽ അയക്കുകയും പിന്നീടത് വാട്സ്ആപിലൂടെയും ഫേസ്ബുക്കിലൂടെയും ദൃശ്യ മാധ്യമങ്ങളിലൂടയും പ്രചരിച്ച് നാടറിയുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്ന് കുട്ടികൾ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. കുട്ടികളുടെ അവതരണ ശൈലി കണ്ടപ്പോൾ സ്കൂളിന് സ്വന്തമായൊരു വാർത്താ ചാനൽ തുടങ്ങിയാലോയെന്നൊരു ചിന്തയും ഉണ്ടായി. തുടർന്ന് സ്കൂളിലെ തനത് അക്കാദമിക് പ്രവർത്തനങ്ങളും ദിനാചരണങ്ങളും ഉൾപ്പെടുത്തി " മരക്കാപ്പ് ന്യൂസ് " എന്നൊരു വാർത്താ ചാനൽ ഉണ്ടാക്കുകയും അതേ കുട്ടികൾ തന്നെ അവതാരകരായി പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിക്കുകയും ചെയ്യുകയായിരുന്നു. ഒൻപതാം തരം വിദ്യാർത്ഥി സൂര്യകിരൺ.വി.കെയാണ് എഡിറ്റിങ് ജോലികൾ നിർവഹിച്ചത്.
ആദ്യ വാർത്താവതരണ വീഡിയോ ജുലൈ 6 ന് ശനിയാഴ്ച റിലീസ് ചെയ്തതോടെ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. സ്കൂളിലെ ഇത്തരം കഴിവുകൾ ഉള്ള കുട്ടികളെ കൂടി ഉൾപ്പെടുത്തി കൂടുതൽ വാർത്താ വീഡിയോകൾ പുറത്തിറക്കാനാണ് വിദ്യാലയം ആലോചിക്കുന്നത്. അതിനായി സ്കൂളിൽ ഒരു വാർത്താ വായന ഓഡീഷൻ ടെസ്റ്റ് നടത്താനും പദ്ധതിയുണ്ട്. കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന വാർത്താ ചാനലിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ പ്രോത്സാഹനമാണ് ലഭിച്ചു വരുന്നത്.
No comments