നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. കാർ കണ്ടെത്തി
നീലേശ്വരം പള്ളിക്കര മേൽപ്പാലത്തിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് ഇരിക്കൂർ നിലാമുറ്റം മഖാമിന് സമീപം എട്ടക്കയത്തെ കെ.വി. ഹുസൈൻ കുട്ടി (59) മരിച്ചു. മകൻ ഫൈസലിനെ (29) ഗുരുതര നിലയിൽ കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരെ ഇടിച്ചിട്ട് നിർത്താതെ ഓടിച്ചു പോയ കാർ ബങ്കളത്തെ വർക് ഷോപ്പിൽ നിന്ന് നീലേശ്വരം പോലീസ് കണ്ടെടുത്തു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. മംഗളൂരുവിൽ ബന്ധുവിന്റെ മരണവീട്ടിൽ പോയി ബൈക്കിൽ ഇരിക്കൂരിലേക്ക് മടക്കുകയായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരുമാണ് ആദ്യം നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനാൽ ഉടൻ കണ്ണൂരിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ ഹുസൈൻ കുട്ടി മരിച്ചു. മകൻ ഗുരുതര നിലയിൽ ചികിത്സയിലാണ്. തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ബസ് ഡ്രൈവർ ആണ് ഹുസൈൻ കുട്ടി. പ്രവാസിയായിരുന്ന ഇദ്ദേഹം നാട്ടിൽ തിരിച്ചെത്തിയാണ് കോളേജ് ബസിൽ ഡ്രൈവർ ആയത്. മകൻ ഫൈസൽ ജൂൺ 26 നാണ് കർണാടക മടിക്കേരി സ്വദേശിനിയെ വിവാഹം ചെയ്തത്. എ.പി.സൈബുന്നീസയാണ് ഹുസൈൻ കുട്ടിയുടെ ഭാര്യ: മറ്റു മക്കൾ: ഫാസില, പഫ്സീന, ഫസലത്തുന്നീസ. മരുമക്കൾ: റാസിക് , മുഫീർ, ഹാഷിർ, ഹഷുറ. സഹോദരങ്ങൾ: ഹാരിസ്, സാബിത്ത്, ആയിഷ, ഖദീജ, റഹ്മത്ത്, സുബൈദ, സെറീന, റാബി, മറിയം.
അപകടത്തിന് ശേഷം നിർത്താതെ പോയ കാർ നീലേശ്വരം പോലീസ് ബങ്കളത്തെ വർക് ഷോപ്പിൽ നിന്നാണ് കണ്ടെടുത്തത്. മാവുങ്കാൽ സ്വദേശിയും ടിപ്പർലോറി ഡ്രൈവറും ആയ ഋഷികേശിന്റെ കെഎൽ 23 എഫ് 8344 നമ്പർ മാരുതി കാറാണ് ഇത്. നീലേശ്വരം എസ്ഐ മധുസൂദനൻ മടിക്കൈ, സിവിൽ പോലീസ് ഓഫീസർമാരായ പ്രഭേഷ്, പ്രദീപൻ കോതോളി, സനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കാർ കണ്ടെടുത്തത്.
No comments