Breaking News

ഒന്നാം നില കോൺക്രീറ്റ് ചെയ്തു: അതിവേഗം പുരോഗമിച്ച് നീലേശ്വരം ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം

ഒന്നാം നില കോൺക്രീറ്റ് ചെയ്തു: അതിവേഗം പുരോഗമിച്ച് നീലേശ്വരം ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം കഴിഞ്ഞ ദിവസം ഒന്നാം നിലയുടെ കോൺക്രീറ്റിങ് കഴിഞ്ഞതോടെ അതിവേഗം പുരോഗമിച്ച് നീലേശ്വരം ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണം.
കഴിഞ്ഞ മാർച്ച് ആദ്യമാണ് നിർമാണം തുടങ്ങിയത്. 2 വർഷമാണ് നിർമാണ കാലാവധിയെങ്കിലും കാലാവസ്ഥ അനുകൂലമായാൽ അതിലും വേഗം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. 3 നില കെട്ടിടത്തിൽ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിനാണ്. ഇത് നേരത്തെ പൂർത്തിയായി. വിശാലമായ ബസ് യാർഡും ഇതിലുണ്ടാകും. ആദ്യത്തെ 2 നിലകളിൽ കട മുറികളും മൂന്നാം നിലയിൽ ഓഫീസുകളും ആണ്. 16.15 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് നിർമാണ പ്രവർത്തനങ്ങൾ. ഇതിൽ 14.53 കോടി കേരള അർബൻ ആന്റ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ വായ്പയാണ്. ശേഷിക്കുന്ന തുക നഗരസഭയുടെ തനതു ഫണ്ടിൽ നിന്നാണ് വിനിയോഗിക്കുക. 11. 16 കോടി രൂപയുടെ സിവിൽ വർക്കുകളാണ് നിലവിൽ നടന്നു വരുന്നത്. നീലേശ്വരത്തെ ജോയ് കരിയിലാണ് കരാറുകാരൻ. പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാനായി പൊളിച്ചു മാറ്റിയതോടെ താൽക്കാലിക ഷെഡ് നിർമിച്ചാണ് ബസ് സ്‌റ്റാൻഡ് പ്രവർത്തിച്ചിരുന്നത്. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ പരിപ്പുവട വിഭവശാലയ്ക്കു സമീപം താൽക്കാലിക യാർഡും ഷെഡും നിർമിച്ചു. നഗരത്തിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം മുതൽ നേരത്തെ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം കടുപ്പിച്ചിരുന്നു. ജില്ലയിലെ സുസജ്ജമായ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്സ് ആണ് നീലേശ്വരത്ത് ഒരുങ്ങുന്നത്. ഇതിനൊപ്പം രാജാറോഡ് വികസന പദ്ധതിയും നടപ്പാകുകയും നിർമാണം തുടങ്ങിയ കച്ചേരിക്കടവ് പാലം പൂർത്തിയാകുകയും ചെയ്താൽ നീലേശ്വരം നഗരത്തിന്റെ പതിറ്റാണ്ടുകളായുള്ള മുഖച്ഛായ മാറും.

No comments