Breaking News

ആചാരംകൊള്ളൽ ചടങ്ങ് നടന്നു

മുകയ സമുദായത്തിന്റെ പ്രബല ക്ഷേത്രമായ മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കൽ ഭഗവതി ക്ഷേത്രത്തിൽ പുതുതായി അന്തിത്തിരിയൻ, വായിക്കരയച്ഛൻ എന്നീ ആചാര സ്ഥാനങ്ങളിലേക്കുള്ള ആചാരം കൊള്ളൽ ചടങ്ങ് മൂന്നാം പൂരനാളിൽ നടന്നു. അന്തിത്തിരിയനായി കാറ്റാടിയിലെ ആക്കോടൻ ബാലകൃഷ്ണനും ആയിറ്റി ഭഗവതിയുടെ അച്ഛനായ വായിക്കരയച്ചൻ സ്ഥാനത്തേക്ക് നീലേശ്വരം കൊട്രച്ചാലിലെ വായിക്കര വിജയനുമാണ് ആചാര സ്ഥാനം ഏറ്റെടുത്തത്. ആചാര സ്ഥാനം ഏറ്റെടുക്കുന്ന ഇരുവരും തറവാട്ടുകാരോട് ഒപ്പം ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ആചാര സ്ഥാനികരോടും ക്ഷേത്ര ഭാരവാഹികളോടും, മറ്റ് ജനപഥങ്ങളോടും സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള സമ്മതമറിയിച്ചതിനു ശേഷം വെള്ളിക്കോത്ത് വാരിക്കാട്ട് ഇല്ലത്തേക്ക് ഭക്തജനസമേതം പുറപ്പെട്ടു. ഇല്ലത്ത് വച്ച് വാരിക്കാട്ട് ശ്രീധര തന്ത്രി അവർകളുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വാരിക്കാട്ട് ഇല്ലത്ത് വച്ച് കലശം കുളിച്ച ഇരുവരെയും വാരിക്കാട്ട് ശ്രീധര തന്ത്രികൾ സ്ഥാനപ്പേര് ചൊല്ലി വിളിച്ച് ആചാരസ്ഥാനം നൽകുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് ദേശത്തിനധിപൻ മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെത്തി ദേവി ദേവന്മാരെ വണങ്ങിയതിന് ശേഷം ചെണ്ട മേളത്തിന്റെയും മറ്റ് ഭക്തജനങ്ങളുടെയും അകമ്പടിയോടെ മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ എത്തി മറ്റ് ചടങ്ങുകൾ നടന്നു. ക്ഷേത്രത്തിലെ പൂരോ ത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളിയിലും ഇനിയുള്ള മറ്റ് ചടങ്ങുകളിലും ഇവർ തങ്ങളുടെ കർത്തവ്യം നിർവഹിക്കും.

No comments