Breaking News

നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ബജറ്റ് അവതരിപ്പിച്ചു

ഭവന നിർമ്മാണം, ആരോഗ്യം, ശുചിത്വ മേഖലകൾക്ക് ഊന്നൽ നൽകുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് പി കെ ലക്ഷ്മി അവതരിപ്പിച്ചു. മുൻ നീക്കിയിരിപ്പ്' 9 99 272 രൂപ ഉൾപ്പെടെ 10, 54,60,427 രൂപ വരവും 105834827 രൂപ ചെലവും 624872 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആറ് പഞ്ചായത്തുകളിലും സമഗ്ര വികസനം വിഭാവനം ചെയ്യുന്നു. ബജറ്റ് തുകയുടെ 20 ശതമാനം തുക ആരോഗ്യമേഖലയ്ക്ക് വകയിരുത്തിയ ബജറ്റിൽ ലൈഫ്, പി എം എ വൈ ഭവന പദ്ധതികൾക്ക് അടുത്ത വർഷത്തേക്ക് 2.30 കോടി രൂപ ആകെ ഔട്ടലേയിൽ നിന്നും ഭവന നിർമ്മാണ മേഖലയിൽ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ വകയിരുത്തി. അതുവഴി 375 ഓളം വീടുകൾ ലൈഫ് ഭവന പദ്ധതിയിലും, 72 ഓളം വീടുകൾ പി എം എ വൈ ഭവന പദ്ധതിയിലുമായി ആകെ 450 നടുത്ത് വീടുകൾ പൂർത്തീകരിക്കാൻ കഴിയും. 2024-25 സാമ്പത്തിക വർഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ 10 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുവാനും, സുഭിക്ഷ കേരളം പദ്ധതി വഴി 2500 വ്യക്തിഗത ആസ്തികൾ സൃഷ്‌ടിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. തൊഴിലുറപ്പു പദ്ധതിയിൽ 45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആരോഗ്യരംഗത്ത് മുൻകാലങ്ങളിലായി നടപ്പിലാക്കി തുടർന്നുവരുന്ന സ്നേഹപഥം സഞ്ചരിക്കുന്ന ആതുരാലയം, ആത്മഹത്യാ പ്രതിരോധ ക്ലിനിക്, സെക്കന്ററി പാലിയേറ്റീവ് ക്ലിനിക്ക്, ബ്ലോക്ക് ഫിസിയോതെറാപ്പി സെൻ്റർ എന്നീ ജനകീയ പദ്ധതികളുടെ തുടർച്ചയ്ക്ക് ഇപ്രാവശ്യവും 23.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ രണ്ട് ആതുരാലയങ്ങളിലേക്ക് ആവശ്യമായ മരുന്നുകൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കും 69 ലക്ഷം രൂപയും, തൃക്കരിപ്പൂർ ഡയാലിസിസ് യൂണിറ്റിന് 78 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഒപ്പം തൃക്കരിപ്പൂർ ആശുപത്രിയിൽ അഗ്നിസുരക്ഷാ സംവിധാനം, കായകൽപം അനുബന്ധ പ്രവർത്തനം, പാലിയേറ്റീവ് കെയർ, ആശുപത്രികളിൽ ലാബ് റീഏജന്റ് സംവിധാനം എന്നിങ്ങനെയുള്ള ആരോഗ്യമേഖല പദ്ധതികൾക്ക് 24 ലക്ഷംരൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശുചിത്വമേഖലയിൽ മൂന്ന് സ്കൂളുകളിലും ഒരു ആശുപത്രി കോമ്പൗണ്ടിലും ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ ശുചിത്വസമുച്ചയത്തിനായി 45 ലക്ഷം രൂപ ഈ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വ്യവസായമേഖലയിൽ വനിതാ ഗ്രൂപ്പിന് സ്വയംതൊഴിൽ, ചെറുകിട സംരംഭകർക്ക് മൊബൈൽ സെയിൽസ് യൂണിറ്റ്, സംരഭകരെ നിങ്ങളാണി ഹീറോസ്, ഉത്തരവാദിത്വ സംരംഭക ക്യാമ്പയിൻ എന്നീ പദ്ധതികൾക്ക് 13 ലക്ഷംരൂപയും വകയിരുത്തി. ഉത്പാദന മേഖലയിൽ ആകെ 71.50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. നെൽകൃഷി മേഖലയിൽ 19 ലക്ഷം രൂപ, ക്ഷീര മേഖലയ്ക്ക് 39.5 ലക്ഷം രൂപ, വ്യവസായ മേഖലയ്ക്ക് 13 ലക്ഷം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ രീതിയിൽ എല്ലാ മേഖലകളെ കണ്ടറിഞ്ഞ് സ്പർശിച്ചു കൊണ്ടുള്ള ജനകീയ ബജറ് ടെണ് വൈസ് പ്രസിഡൻ്റ് അവതരിപ്പിച്ചത്‌. പ്രസിഡൻ്റ് മണിയറ അധ്യക്ഷനായി. വിവിധ പ്രസിഡൻ്റുമാരായ മുഹമ്മദ് അസ്ലം, സി വി പ്രമീള, വി കെ ബാവ ,പി പി പ്രസന്നകുമാരി, ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള, ജില്ല പഞ്ചായത്ത് അംഗം എം മനു, വിവിധ സ്റ്റാൻ്റിംന് കമ്മിറ്റി ചെയർമാൻമാരായ എം സുമേഷ്, കെ അനിൽകുമാർ, വി വി സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി എസ് നജീബ്, എം കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി രാജേഷ് സ്വാഗതവും ഹെഡ് അക്കൗണ്ടൻ്റ് വാസുദേവൻ എറുവാട്ട് നന്ദിയും പറഞ്ഞു.

No comments