സി ഒ എ ജില്ലാ സമ്മേളനം പടന്നക്കാട് നടന്നു
കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പതിനാലാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കാസര്‍ഗോഡ് ജില്ലാ സമ്മേളനം പടന്നക്കാട്ട് ബേക്കല്‍ ക്ലബ്ബില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര പതാക ഉയര്‍ത്തി. സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ രംഗത്ത് വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചെറുകിട കേബിള്‍ ടിവി സംരംഭകരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അബൂബക്കര്‍ സിദ്ദിഖ് പറഞ്ഞു. സര്‍ക്കാര്‍ അംഗീകരിച്ച നിയമങ്ങള്‍ പോലും അട്ടിമറിക്കാനാണ് കെഎസ്ഇബിയിലെ ഒരുപറ്റം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള നീക്കം. ഇന്ത്യയിലെ മറ്റു കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് പോലും മാതൃകാപരമായ പ്രവര്‍ത്തനവും പിന്തുണയും നല്‍കിയവരാണ് കേരളത്തിലെ ഓപ്പറേറ്റര്‍മാര്‍. പേ ചാനെലുകള്‍ക്കെതിരെ, കെ.എസ്.ഇ.ബി പോസ്റ്റ് അമിത വാടകക്കെതിരെ സി.ഒ.എ ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിരന്തരമായ അധ്വാനത്തിന്റെയും, സംഘടനാശക്തിയുടെയും ഫലമാണ് ഇന്ന് കൈവരിച്ച നേട്ടങ്ങളെല്ലാം. ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ രംഗത്ത് വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍, ലോക കോര്‍പറേറ്റ് ഭീമന്മാരോടാണ് ഇനി മത്സരിക്കേണ്ടതെന്നും അബൂബക്കര്‍ സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.ഒ.എ ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വിവിധ മത്സര വിജയിക്കുള്ള ഉപഹാരം സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപ്പറമ്പില്‍ വിതരണം ചെയ്തു. സിഡ്കോ പ്രസിഡണ്ട് കെ.വിജയകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി ഹരീഷ് പി നായര്‍ ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ.പ്രദീപ്കുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും, കെ.രഘുനാഥ് ഓഡിറ്റ് റിപ്പോര്‍ട്ടും, വി.വി മനോജ്കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.വി മോഹനന്‍, പി.ആര്‍ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കേബിള്‍ ടിവി ഇന്റര്‍നെറ്റ് വിതരണ രംഗത്തെ സാങ്കേതിക മാറ്റം, വെല്ലുവിളികള്‍, സേവന രംഗം കൂടുതല്‍ കാര്യക്ഷമമാക്കല്‍, വരിക്കാര്‍ക്ക് ആകര്‍ഷകമായ പദ്ധതി തയ്യാറാക്കല്‍, ക്ലസ്റ്റര്‍ രൂപീകരണം, വൈദ്യുതി പോസ്റ്റില്‍ കൂടി ഒന്നിലധികം കേബിള്‍ കടന്നുപോകുന്നതിന് അധിക വാടക ചുമത്താനുള്ള കെ.എസ്.ഇ.ബി നയം, പ്രാദേശിക ചാനല്‍ നിയന്ത്രിക്കാനുള്ള ട്രായ്, എം.ഐ.ബി നിയമങ്ങള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയായി. വൈദ്യുത പോസ്റ്റുകളുടെ വാടക നിരക്ക് കുറയ്ക്കുക, പ്രാദേശിക ചാനലുകളെ നിയന്ത്രിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. ജില്ലയിലെ 3 മേഖല സമ്മേളങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ജില്ലാസമ്മേളനം നടന്നത്. 150 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സി.ഒ.എ സംസ്ഥാന സമ്മേളനം മാര്‍ച്ച് 2 മുതല്‍ 4 വരെ കോഴിക്കോട് വച്ച് നടക്കും.
No comments