നീലേശ്വരം നഗരസഭ ബഡ്ജറ്റ് അവതരിപ്പിച്ചു
നഗരകേന്ദ്രീകൃത വികസനത്തിനും സേവനകാര്യക്ഷമതയ്ക്കും ഊന്നൽ നൽകി നീലേശ്വരം നഗരസഭാ ബഡ് ജറ്റ്.
നഗര കേന്ദ്രീകൃത വികസനത്തിനും സേവന കാര്യക്ഷമതയ്ക്കും ഊന്നൽ നൽകിക്കൊണ്ട് 2024- 25 ലേക്കുള്ള നീലേശ്വരം നഗരസഭാ ബഡ്ജറ്റ് അവതരിപ്പിച്ചു.
753194102 രൂപ വരവും 732315376 രൂപ ചെലവും 20818726 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്തയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അവതരിപ്പിച്ചത്.
നീലേശ്വരത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലായിക്കൊണ്ട്
ഫെബ്രുവരി 16 ന് ശിലാസ്ഥാപനം നടത്ത പ്പെടുന്ന പുതിയ ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് ഈ വർഷം ഒരു കോടി രൂപ അനുവദിക്കും. 16.15 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന
ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിനായി 14.53 കോടി രൂപ കെ.യു. ആർ.ഡി. എഫ്.സി വായ്പ മുഖേനയും ബാക്കി നഗരസഭയുടെ പദ്ധതിവിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുക.
12 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി നിർമ്മാണം പൂർത്തീകരിച്ച് ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം സേവനകാര്യക്ഷമത വർദ്ധിപ്പിച്ച് ജനസൗഹൃദ ഭരണകേന്ദ്രമാക്കും. ഇവിടെ
ഫർണിച്ചർ വാങ്ങുന്നതിന് 50 ലക്ഷം രൂപയും സ്മാർട്ട് ഓഫീസ് ആക്കി മാറ്റുന്നതിനും ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനും
35 ലക്ഷം രൂപയും ഈ വർഷം വകയിരുത്തിയിട്ടുണ്ട്. കൃഷി ഓഫീസും കുടുംബശ്രീ ഓഫീസും കൂടി പുതിയ നഗരസഭാ ഓഫീസിന്റെ ഭാഗമാകുന്നതോടെ ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും. നിലവിൽ നഗരസഭ ഓഫീസും കൃഷിഭവനും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് രണ്ട് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
വിവിധ വാർഡുകളിലെ റോഡ് അറ്റകുറ്റപ്പണികൾക്കായി നാല് കോടി രൂപയും പുതിയ ഡ്രെയിനേജുകളുടെ നിർമ്മാണത്തിന് ഒന്നരക്കോടിയും വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ പരിപാലനത്തിനും മെച്ചപ്പെടുത്തലിനുമായി രണ്ട് കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രധാന റോഡുകളായ തോട്ടം -അഴിത്തല, പാലായി - താങ്കൈക്കടവ് , കറുത്ത ഗേറ്റ് - തിരിക്കുന്ന്, ഓർച്ചപ്പാലം റോഡ് എന്നീ റോഡുകളുടെ നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിക്കും.
ജനകീയ ആരോഗ്യ മേഖലയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളുടെ പ്രവർത്തനം വിപുലീകരിക്കാൻ 40 ലക്ഷം രൂപയും ആനച്ചാൽ, ചിറപ്പുറം നഗര ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടത്തിന്റെ പ്രാരംഭ നടപടികൾക്കായി 20 ലക്ഷവും നൽകും.
താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിൽ കൂടുതൽ രോഗികൾക്ക് ഡയാലിസിസ് സൗകര്യം ഒരുക്കാൻ 50 ലക്ഷം രൂപ മാറ്റിവയ്ക്കും. ഇതിനുപുറമേ ആരോഗ്യരംഗത്ത് 1.6 കോടിയാണ് രൂപയാണ് വിവിധ പദ്ധതികൾക്കായി ചെലവഴിക്കുക.
നഗരത്തിലെ പൊതു വിദ്യാലയങ്ങളുടെ വികസന പദ്ധതികൾക്ക് 66 ലക്ഷം രൂപ നൽകും. നഗരസഭാ ബഡ്സ് സ്കൂളിനുവേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ഫർണിച്ചർ വാങ്ങുന്നതിനും കുട്ടികളുടെ ഉപകരണങ്ങൾ വാങ്ങുന്നതിനും 15 ലക്ഷം രൂപയും പേരോൽ ഗവൺമെൻറ് എൽ. പി സ്കൂളിൽ ഓട്ടിസം സെൻ്റർ വികസനത്തിന് 5 ലക്ഷം രൂപയും വകയിരുത്തും.
തൈക്കടപ്പുറം, പേരോൽ , കണിച്ചിറ, കോയാമ്പ്രം, അങ്കക്കളരി , നീലായി, ഇടിച്ചൂടി, സുവർണ്ണവല്ലി, പാലായി എന്നീ കുടിവെള്ള പദ്ധതികൾക്കായി ഒരു കോടി രൂപ വകയിരുത്തും.
കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം മേഖലകളിൽ വിവിധ പദ്ധതികൾക്കായി 50 ലക്ഷം രൂപയും നീലേശ്വരത്തെ നിർദ്ദിഷ്ട മത്സ്യ മാർക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കായി 10 ലക്ഷം രൂപയും നീക്കിവയ്ക്കും.
ഉത്തര കേരളത്തിൻ്റെ കായിക ഭൂപടത്തിൽ നീലേശ്വരത്തിൻ്റെ മേൽവിലാസം അടയാളപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ചിറപ്പുറം നഗരസഭാ മിനി സ്റ്റേഡിയത്തിൽ വനിതാ വോളിബോൾ കോർട്ട് നിർമ്മിക്കുന്നതിന് 20 ലക്ഷം അനുവദിക്കും.
സാംസ്കാരിക രംഗത്ത് ഉണർവ് പകരുന്നതിന് നീലേശ്വരം ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി ഒരു ലക്ഷം രൂപ വകയിരുത്തും. കോട്ടപ്പുറം ഇ. എം. എസ് സ്മാരക നഗരസഭാ കോൺഫറൻസ് ഹാളിന് ഭക്ഷണശാല നിർമ്മിക്കാൻ 10 ലക്ഷം നീക്കിവച്ചിട്ടുണ്ട്.
അർഹരായ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ പി.എം,എ .വൈ - ലൈഫ് പദ്ധതി നിർവഹണത്തിനായി പുതിയ ഡി.പി.ആറുകൾ പ്രകാരമുള്ള 121 ഗുണഭോക്താക്കൾക്ക് നഗരസഭാ വിഹിതമായി 2.42 കോടി രൂപ കണ്ടെത്തും.
അതിദരിദ്രരുടെ ക്ഷേമപദ്ധതികൾ തുടരും. ഇവർക്ക് ഭക്ഷ്യക്കിറ്റ് വിതരണത്തിന് 4 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഈ വർഷത്തോടെ മുഴുവൻ വീടുകളിലും ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ ഒരുകോടി രൂപയാണ് വകയിരുത്തുന്നത്.
ചിറപ്പുറത്തെ നഗരസഭ വക അജൈവ മാലിന്യ സംസ്കരണ പ്ലാന്റിൽ ലോകബാങ്കിൻ്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന കെ. എസ്. ഡബ്ലിയു .എം . പി പ്രോജക്ട് പ്രകാരമുള്ള വിപുലീകരണ പ്രവൃത്തികളുടെ അനുബന്ധ പ്രവൃത്തികൾക്കായി നഗരസഭ 10 ലക്ഷം രൂപ നൽകും. ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായി വാർഡു ക്ലസ്റ്ററുകൾക്ക് സ്റ്റീൽ ഗ്ലാസും പ്ലേറ്റും വാങ്ങിനൽകുന്നതിന് 5 ലക്ഷം രൂപ അനുവദിക്കും. ഹരിത കർമ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോകളും ഉന്തുവണ്ടികളും വാങ്ങി നൽകും.
പട്ടികജാതി വിഭാഗത്തിനായുള്ള വിവിധ പദ്ധതികൾക്ക് 42 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നഗരസഭ ഓഫീസിന് സോളാർ പാനൽ (10 ലക്ഷം),
ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ (10 ലക്ഷം), തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുബന്ധ സൗകര്യങ്ങൾ (10 ലക്ഷം), ആയുർവേദ ആശുപത്രിക്ക് അടിസ്ഥാന സൗകര്യം (5 ലക്ഷം),
പൊതു ടോയ്ലറ്റുകൾ (10 ലക്ഷം), ബോട്ടിൽ ബൂത്തുകൾ (5 ലക്ഷം),
മത്സ്യ മേഖലയിലെ വിവിധ പദ്ധതികൾ (10 ലക്ഷം) നീന്തൽ, കരാട്ടെ പരിശീലനം (രണ്ട് ലക്ഷം) , നാടകക്കളരി (ഒരു ലക്ഷം), അംഗീകൃത വായനശാലകൾക്ക് പുസ്തകം (5 ലക്ഷം), വയോജനങ്ങൾക്ക് വിനോദോപാധികൾ ( 5 ലക്ഷം), കോട്ടപ്പുറം, ടൗൺ സ്മാർട്ട് അംഗൻവാടികൾക്ക് ഫർണിച്ചർ (5 ലക്ഷം), ഓർച്ച, കടിഞ്ഞിമൂല പാലങ്ങളിലും കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ റോഡിലും സോളാർ വിളക്കുകൾ (10 ലക്ഷം.), ചിറപ്പുറം വാതക ശ്മശാന പൂർത്തീകരണം (15 ലക്ഷം), ഹാപ്പിനെസ് പാർക്ക് (5 ലക്ഷം), ശുചിത്വസുന്ദര നഗരം ( 17 ലക്ഷം), പാലിയേറ്റീവ് പരിചരണം (20 ലക്ഷം), കുടുംബശ്രീ സ്വയം തൊഴിൽ സംരംഭം (10 ലക്ഷം), കബഡികളി പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് ക്ലബ്ബുകൾക്ക് കബഡി മാറ്റ് (15 ലക്ഷം),
എന്നിങ്ങനെയാണ് ബജറ്റിൽ പ്രധാന പദ്ധതികൾക്കായി തുക വകയിരുത്തിയിട്ടുള്ളത്.
ബജറ്റ് ചർച്ചയിൽ കെ.പി. രവീന്ദ്രൻ, വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത,പി. ഭാർഗവി, റഫീക്ക് കോട്ടപ്പുറം, എ. ബാലകൃഷ്ണൻ, കെ.വി. ശശികുമാർ, അൻവർ സാദിഖ്, ടി.വി ഷീബ, വിനു നിലാവ്, എം. ഭരതൻ, വി. അബൂബക്കർ, എം.കെ. വിനയരാജ്, വി. വി. ശ്രീജ, പി. സുഭാഷ്, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ചർച്ചകൾക്ക് വൈസ് ചെയർമാൻ മറുപടി പറഞ്ഞു. ബജറ്റ് ഐകകണ്ഠ്യേന അംഗീകരിച്ചു.
No comments