Breaking News

വെള്ളിയാഴ്‌ച രാത്രി മാവേലി എക്സ്പ്രസ്സ് ട്രെയിനിൽ നിന്ന് വീണ ആൾ അത്ഭുതകരമായി രക്ഷപെട്ടു.

 ശനിയാഴ്ച രാവിലെ ഉദിനൂരിലെ കുറ്റിക്കാട്ടിൽ നിന്ന് യുവാവിനെ കണ്ടെത്തി. കൊല്ലം കൊയ്വിള സ്വദേശി ഡിജോ ഫെർണാണ്ടസ് (32) ആണ് ട്രെയിനിൽ നിന്ന് വീണത്.തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ ഇയാളെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഒരാൾ ചെറുവത്തൂരിനും പയ്യന്നൂരിനും ഇടയിൽ  വീണതായി സുഹൃത്ത് റെയിൽവേ പോലീസിനെ അറിയിച്ചിരുന്നു. അപ്പോൾ തന്നെ ചന്തേരയിലെയും പയ്യന്നൂരിലെയും പോലീസ് റെയിൽവേ ട്രാക്കിന്റെ പരിസരങ്ങളിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ഈ വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പിലിക്കോട്, ഉദിനൂർ, തൃക്കരിപ്പൂർ, പയ്യന്നൂർ പ്രദേശങ്ങളിലെ ചെറുപ്പക്കാരും യുവാവിനെ കണ്ടെത്താൻ ശ്രമം നടത്തിയിരുന്നു. രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയിട്ടും വീണ ആളിനെ കണ്ടെത്താനായില്ല. അതിനിടെ ശനിയാഴ്ച രാവിലെ ഒരു ഹോട്ടൽ തൊഴിലാളിയാണ് യുവാവിനെ പരിക്കേറ്റ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. ഉടൻതന്നെ ഫയർഫോഴ്സിനെയും ചന്തേര പോലീസിനെയും വിവരമറിയിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

No comments