നീലേശ്വരം നഗരസഭ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ഫെബ്രുവരി 26 ന്
നീലേശ്വരം നഗരസഭക്ക് വേണ്ടി കച്ചേരിക്കടവിൽ നിർമിച്ച സിവിൽ സ്റ്റേഷൻ മാതൃകയിലുള്ള മൂന്നു നില ഓഫീസ് കെട്ടിടം ഫെബ്രുവരി 26 ന് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ തൃക്കരിപ്പൂർ എം.എൽ.എ, എം. രാജഗോപാലൻ അധ്യക്ഷനാകും. കഴിഞ്ഞ ഭരണ സമിതി നീലേശ്വരം പുഴയോരത്തെ കച്ചേരിക്കടവിൽ 35 ലക്ഷം രൂപ വില കൊടുത്ത് വാങ്ങിയ 75 സെന്റ് സ്ഥലത്താണ് എട്ടു കോടി രൂപ ചെലവിൽ 30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് ഓഫീസ് സമുഛയത്തിൽ സജീകരിചിട്ടുളളത്. കൗൺസിൽ ഹാളിനു പുറമെ 250പേർക്ക് ഇരിക്കാനുള്ള മിനി കോൺഫറൻസ് ഹാളും 100 പേർക്ക് ഇരിക്കാവുന്ന മീറ്റിംഗ് ഹാളും വിശാലമായ പാർക്കിങ് സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്. നഗരസഭ ചെയർമാൻ, വൈസ്. ചെയർമാൻ, സ്ഥിരം സമിതി ചെയർമാൻമാർ, നഗരസഭാ സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ തുടങ്ങി വിവിധ വകുപ്പ് മേധാവികൾക്കെല്ലാം പ്രത്യേകം ഓഫീസ് മുറികളും ജനപ്രതിനിധികൾക്ക് മറ്റൊരു ഹാളും കെട്ടിടത്തിലുണ്ട്.
ഇതിന് പുറമെ പൊതുജനങ്ങൾക്ക് നഗരസഭാ ഓഫീസിൽ വിവിധ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരസഭാ അനുബന്ധ സ്ഥാപനമായ കൃഷിഭവൻ, കുടുംബശ്രീ ഓഫീസ് തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജെ.ജെ. അസോസിയേറ്റ്സാണ് മുൻസിപ്പൽ സമുച്ചയത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പ്രമുഖ കോൺട്രാക്ടർ തൈക്കടപ്പുറത്തെ വി.വി. മനോജനാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചത്. വർഷങ്ങൾക്ക് മുമ്പേ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടതായിരുന്നെങ്കിലും കോവിഡിനെ തുടർന്നാണ് പാതി വഴിക്ക് നിർമ്മാണം നിലച്ചത്. നഗരസഭയുടെ അനുബന്ധ ആവശ്യങ്ങൾക്ക് രണ്ടുനില മതിയാകുമെങ്കിലും ഭാവിയിലെ സാദ്ധ്യതകൾ കണക്കിലെടുത്താണ് മൂന്നു നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കിയത്.
No comments