ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ നീലേശ്വരത്തെ ഇ.ബാലൻ നമ്പ്യാരും മുഴക്കോത്തെ ടി.കെ.ബാലകൃഷ്ണനും പങ്കെടുക്കും.
ഹൈദരബാദിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ നീലേശ്വരത്തെ ഇ.ബാലൻ നമ്പ്യാരും മുഴക്കോത്തെ ടി.കെ.ബാലകൃഷ്ണനും പങ്കെടുക്കും.കാഞ്ഞങ്ങാട് സ്വദേശിയും റിട്ട. പോസ്റ്റൽ ജീവനക്കാരനുമായ നാരായണൻ നായരും ടീമിൽ ഉണ്ട്. ഫെബ്രുവരി 8 മുതൽ 11 വരെ ഹൈദരബാദിലെ ഗച്ചിബോലി സ്റ്റേഡിയത്തിലാണ് മീറ്റ്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നൂറ്റിയൻപതോളം പുരുഷ, വനിതാ അത്‌ലറ്റുകൾ പങ്കെടുക്കും. 2023 ഡിസംബറിൽ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് കായികമേളയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവരെല്ലാം. മുഴക്കോത്തെ ടി.കെ. ബാലകൃഷ്ണനാണ് കേരള ടീം ക്യാപ്റ്റൻ. മലബാർ സിമന്റ്സിലെ റിട്ട. ഉദ്യോഗസ്ഥൻ ആയ ഇദ്ദേഹം സംസ്ഥാന മാസ്റ്റേഴ്സ് കായിക മേളയുടെ ഓർഗനൈസിങ് സെക്രട്ടറി ആയിരുന്നു. കാസറഗോഡ് ജില്ലാ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമാണ്. ഫീൽഡ് ഇനങ്ങളിലാണ് ഇദ്ദേഹം മത്സരിക്കുക. നാഷണൽ ഫുട്ബോൾ റഫറിയും കേരള ഫുട്ബോൾ റഫറീസ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും ആയ നീലശ്വരത്തെ ഇ.ബാലൻ നമ്പ്യാർ ടീമിലെ സീനിയർ അംഗമാണ്. 75 - 80 കാറ്റഗറിയിൽ 200, 400 മീറ്റർ ഓട്ടം, 5000 മീറ്റർ നടത്തം തുടങ്ങിയ ഇനങ്ങളിലാണ് ഇദ്ദേഹം മത്സരിക്കുക. മറ്റൊരു സീനിയർ അംഗമായ നാരായണൻ നായർ ട്രാക്ക് ഇനങ്ങളിൽ മത്സരിക്കും. കേരള മാസ്‌റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറിയും നാഷണൽ അത് ലറ്റിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ തൃശൂർ സ്വദേശി രാജൻ ജോസഫാണ് സംസ്ഥാന ടീമിന്റെ ചീഫ് ഒഫീഷ്യൽ.
No comments