മുസ്ലിം ലീഗിലെ അബ്ബാസ് ബീഗം കാസറഗോഡ് നഗരസഭ ചെയർമാൻ
കാസറഗോഡ് നഗരസഭാ ചെയർമാൻ ആയി മുസ്ലിം ലീഗിലെ അബ്ബാസ് ബീഗത്തെ തിരഞ്ഞെടുത്തു. നിലവിൽ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആയിരുന്ന അബ്ബാസ് ബീഗം വാർഡ് 2 ചേരങ്കൈ ഈസ്റ്റിലെ കൗൺസിലർ ആണ്. അബ്ബാസ് ബീഗത്തിന് 20 വോട്ടും എതിർ സ്ഥാനാർത്ഥി ബിജെപിയിലെ പി.രമേശിന് 14 വോട്ടും കിട്ടി. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാടാണ് അബ്ബാസിന്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. 12-ാം വാർഡ് കൗൺസിലർ മമ്മു ചാല പിന്താങ്ങി. പി.രമേശിന്റെ പേര് നുള്ളിപ്പാടി വാർഡ് കൗൺസിലർ വരപ്രസാദ് നിർദേശിച്ചു. 38-ാം വാർഡ് കൗൺസിലർ എം.ഉമ പിന്താങ്ങി. ഒരു സിപിഎം കൗൺസിലറുടെയും മുസ്ലിം ലീഗിലെ 2 കൗൺസിലർമാരുടെയും വോട്ട് അസാധുവായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആദിൽ മുഹമ്മദ് റിട്ടേണിങ് ഓഫീസർ ആയിരുന്നു. തിരഞ്ഞെടുപ്പ് നടപടികൾക്കിടെ 35-ാം വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണുമായ സിയാന ഹനീഫിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ആശുപത്രിയിലായ ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചു.
No comments