Breaking News

നീലേശ്വരം കാർഷിക സേവന കേന്ദ്രത്തിൽ കാർഷിക ഉപകരണ പ്രവൃത്തിപരിചയ നൈപുണ്യ പരിശീലനം തുടങ്ങി

നീലേശ്വരം കാർഷിക സേവന കേന്ദ്രത്തിൽ കാർഷിക ഉപകരണ പ്രവൃത്തിപരിചയ നൈപുണ്യ പരിശീലനം തുടങ്ങി. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ കേരള കാർഷിക സർവകലാശാല നിർവഹണം നടത്തുന്ന പദ്ധതിയായ “കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ”, കാസർഗോഡ് ജില്ലയിലെ കൃഷിശ്രീ കേന്ദ്രങ്ങൾ, കാർഷിക സേവന കേന്ദ്രങ്ങൾ, കാർഷിക കർമ്മ സേനകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുത്ത 24 സേവനദായകർക്ക് വിവിധ വിളകൾ കൃഷിചെയ്യാനായി ട്രാക്ടറിലും പവർ ടില്ലറിലും ഘടിപ്പിക്കാവുന്ന വിവിധ കാർഷിക ഉപകരണങ്ങളുടെ 2024 ജനുവരി 22 മുതൽ ഫെബ്രുവരി 9 വരെ 18 ദിവസം നീണ്ടുനിൽക്കുന്ന നൈപുണ്യ പരിശീലന ക്യാമ്പിനാണ് നീലേശ്വരം കാർഷിക സേവന കേന്ദ്രത്തിൽ തുടക്കമായത്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി കെ ലക്ഷ്മി പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു, നീലേശ്വരം കൃഷി ഓഫീസർ കൃഷ്ണ വേദിക സദസിനെ സ്വാഗതം ചേയ്തു. നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു.കെ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ല പ്രോജക്റ്റ് ഡയറക്ടർ ആത്മ, അജിമോൾ മുഖ്യ പ്രഭാഷണം നടത്തി. പ്രോജക്ട് എഞ്ചിനീയർ റോഷ്‌നി ആർ പദ്ധതി വിശദീകരിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡെവലപ്പ്മെൻറ് സുമേഷ്.എം, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി സുജാത എന്നിവർ ആശംസകകളറിയിച്ചു. നീലേശ്വരം കാർഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ തമ്പാൻ കെ ചടങ്ങിനു നന്ദി അറിയിച്ചു. 
 ഈ പരിശീലന ക്യാമ്പിൽ ഒരോ ദിവസവും 8 പേർ വീതം വിവിധ വിളകൾക്ക് അനുയോജ്യമായ ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന കൃഷി ഉപകരണങ്ങളായ ഡിസ്ക് കലപ്പ, റോട്ടോവേറ്റർ, കൾട്ടിവേറ്റർ, ഡിസ്ക് റിഡ്ജർ, ബെഡ് ഫോർമർ, പോസ്റ്റ് ഹോൾ ഡിഗർ എന്നീ ഉപകരണങ്ങളും കൂടാതെ പവർ ടില്ലറും വിവിധ കൃഷിയിടങ്ങളിൽ പരിശീലനം നടത്തും. ഒരോ പരിശീലനാർത്ഥിക്കും 6 വ്യത്യസ്ഥ ദിനങ്ങളിലായാണ് പരിശീലനം ലഭ്യമാക്കുക. കേരളത്തിലുടനീളം മിഷൻ സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള നൈപുണ്യ പരിശീലനം ക്യാമ്പ് ആദ്യമായി തുടങ്ങുന്നത് കാസർഗോഡ് ജില്ലയിലാണ് തുടർന്ന് എല്ലാ ജില്ലകളിലും നടത്തും. സംസ്ഥാനത്ത് ട്രാക്ടറും ടില്ലറും ഉപയോഗിച്ച് കൃഷിചെയ്യാൻ പ്രാപ്തരായ ഒരു സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കുക എന്നതാണ് മിഷൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഈ പരിശീലനം കാർഷിക സേവന കേന്ദ്രത്തിലെയും, കൃഷി ശ്രീ സെൻററുകളിലെയും, കാർഷിക കർമ്മ സേനകളിലെയും സേവനദായകർക്ക് നൽകുന്നതാണ് തുടർന്ന് ഈ പ്രവർത്തിയുമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന തൊഴിലില്ലാത്തവർക്കും, കർഷക കൂട്ടായ്മകൾക്കും, കൃഷികൂട്ടങ്ങൾക്കും പരിശീലനം നൽകുന്നതായിരിക്കും.

No comments