ചായ്യോത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വികസന സെമിനാർ നടത്തി
ചായ്യോത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വികസന സെമിനാർ 'വിഷൻ 2026' കാഞ്ഞങ്ങാട് എം എൽ എ ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അക്കാദമികം, ഭൗതികം, കലാകായികം എന്നിങ്ങനെ മൂന്ന് മേഖലകളിലായി 30 ഓളം കർമ്മപദ്ധതികളും നവീന ആശയങ്ങളുമാണ് സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്. വിദ്യാർത്ഥികളുടെ ഏകീകൃത പഞ്ചിംഗ് അറ്റൻ്റൻസ് സിസ്റ്റം മുതൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സംവിധാനങ്ങൾ വരെ ഈ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ത്രിതല ഭരണസംവിധാനങ്ങളടെയും പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം സഹായത്തോടെ കാലാനുസൃതമായി പദ്ധതികളുടെ പൂർത്തീകരണമാണ് വിഷൻ 2026 ലക്ഷ്യമിടുന്നത്. രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികളും അധ്യാപകരും, സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങി വിവിധ തുറകളിൽ നിന്നായി നാനൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ പി.ധന്യ അധ്യക്ഷയായി .വിദ്യാലയത്തിൻ്റെ ബ്രോഷർ ചടങ്ങിൽ വെച്ച് സ്കൂൾ പ്രിൻസിപ്പാൾ സച്ചിൻ കുമാർ ടി.വിക്ക് നൽകി എം.എൽ എ പ്രകാശനം ചെയ്തു. വികസന നിധിയിലേക്കുള്ള ആദ്യ സംഭാവന എസ്.എം.സി ചെയർമാൻ പ്രസന്ന കുമാറിൽനിന്ന് പി.ടി.എ പ്രസിഡണ്ട് ബിജു.സി. ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ കെ.സുരേന്ദ്രൻ, മുൻ പി.ടി.എ പ്രസിഡണ്ട് കെ.പി.നാരായണൻ, കെ.വി.ഭരതൻ, ഷാനി.കെ., നീലേശ്വരം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് മുരളി സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
No comments