Breaking News

വെളിച്ചത്തിനെന്തു വെളിച്ചം:അവധിക്കാല വായനയ്ക്ക് ഹൊസ്ദുർഗ് താലൂക്കിൽ ആഘോഷത്തിമിർപ്പോടെ സമാപനം

ഹോസ്ദുർഗ്താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അവധിക്കാല വായന പരിപോഷണ പദ്ധതിയായ വായന വെളിച്ചവും സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന ലക്ഷ്യത്തിലൂന്നിയുള്ള വായന കളരിയും അവസാന ഘട്ടത്തിലേക്ക്.
ഇതിൻ്റെ ഭാഗമായി വായനാനന്തരം കുട്ടികൾ സർഗാത്മക പുനരാവിഷ്‌കാരത്തിലേക്ക് കടക്കും. മെയ് മാസം പകുതി തൊട്ട് മെയ് 24 വരെയുള്ള ദിവസങ്ങളിൽ വെളിച്ചത്തിനെന്തു വെളിച്ചം എന്ന പേരിൽ ഓരോ ഗ്രന്ഥശാലകളിലും ഉത്സവത്തിമിർപ്പോടെ സമാപനം നടക്കും. ഗ്രന്ഥശാല വാർഷികത്തിൻ്റെ ഭാഗമായാണ് വായന വെളിച്ചത്തിൻ്റെയും വായന കളരിയുടെയും കൊടിയിറങ്ങുക. 
      തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ വായനയെ ആസ്പദമാക്കി ലഘുനാടകങ്ങൾ, റീലുകൾ, ഡോക്യുമെൻ്ററികൾ, റീഡിംഗ് തിയറ്റർ, റേഡിയോ നാടകം, ഏകപാത്ര നാടകം, മോണോ ആക്റ്റ്, സ്‌കിറ്റ്, നൃത്ത സംഗീതശില്പങ്ങൾ തുടങ്ങിയവയും ചിത്ര രചന ഉൾപ്പെടെയുള്ള സർഗാത്മക പുനരാവിഷ്‌കാരങ്ങളും സമാപന ആഘോഷത്തിന് പൊലിമ പകരും. വായനാനന്തരം കുട്ടികൾ എഴുതിയ ആസ്വാദനങ്ങൾ, അവരുടെ മറ്റ് സർഗസൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തിയുള്ള കയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടക്കും. നാട്ടുകാരും രക്ഷിതാക്കളും കുട്ടികളുമുൾപ്പെടെ അണിനിരക്കുന്ന ഘോഷയാത്രയോടെയാകും സമാപന പരിപാടികൾ.
     സമാപന പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് താലൂക്കിൻ്റെ വിവിധ മേഖലകളായ തൃക്കരിപ്പൂർ, ചീമേനി, ചെറുവത്തൂർ, നീലേശ്വരം, പള്ളിക്കര,പെരിയ ,കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ അവലോകന യോഗങ്ങൾ ചേർന്നു. താലൂക്ക് പ്രസിഡൻ്റ് സുനിൽ പട്ടേന, സെക്രട്ടറി പി വേണുഗോപാലൻ, വൈസ് പ്രസിഡൻ്റ് സി വി വിജയരാജ്, ജോ. സെക്രട്ടറി പി വി ദിനേശൻ എന്നിവർ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

No comments